Skip to main content

അച്ചന്‍കോവില്‍ ആറിനു കുറുകെ പാലം:  അടിയന്തര ഇടപെടല്‍ നടത്തുമെന്ന്  ജനീഷ് കുമാര്‍ എം.എല്‍.എ 

 

അരുവാപ്പുലം - ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചന്‍കോവില്‍ ആറിനു കുറുകെ പാലം വേണമെന്ന ജനകീയ കൂട്ടായ്മയുടെ ആവശ്യം നടപ്പിലാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഈ ആവശ്യം മുന്‍നിര്‍ത്തി അരുവാപ്പുലം - ഐരവണ്‍ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകള്‍ രേഖപ്പെടുത്തിയ നിവേദനം എം.എല്‍.എയ്ക്ക് നല്കിയതിനെ തുടര്‍ന്നാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.

      അരുവാപ്പുലം പഞ്ചായത്തിന്റെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുര്‍വേദ - ഹോമിയോ ആശുപത്രികളിലോ പോകണമെങ്കില്‍ കോന്നി ടൗണ്‍ ചുറ്റി കിലോമീറ്ററുകള്‍ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കല്‍ കോളേജില്‍ അരുവാപ്പുലത്തുകാര്‍ക്കു പോകണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി മാത്രമേ കഴിയുകയുള്ളു.

      ഇതിനു പരിഹാരം അരുവാപ്പുലം - ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കുക എന്നത് മാത്രമാണ്. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ അരുവാപ്പുലം - ഐരവണ്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

      മെഡിക്കല്‍ കോളേജ്കൂടി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഇവിടെ ഒരു പാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കോട്ട ഭാഗത്തു നിന്നും, അച്ചന്‍കോവില്‍, പുനലൂര്‍, പത്തനാപുരം, കലഞ്ഞൂര്‍ മേഖലയില്‍ നിന്നും ജനങ്ങള്‍ക്ക് കോന്നിയിലെത്താതെ അച്ചന്‍കോവില്‍- കല്ലേലി കാനനപാതവഴി മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാന്‍ കഴിയും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ മെഡിക്കല്‍ കോളേജ് യാത്രയ്ക്ക് നിരവധി കിലോമീറ്ററുകളുടെ ലാഭമുണ്ടാകും. കോന്നിയിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും കഴിയും.

     കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ ആവശ്യങ്ങളിലൊന്നായി ഈ പാലത്തെ കാണുന്നതായി എം.എല്‍.എ പറഞ്ഞു. ഇവിടെ പാലം നിര്‍മ്മിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തോട് ആവശ്യപ്പെടും. പാലത്തിന് അനുമതി തേടി മുഖ്യമന്ത്രിയേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

     അരുവാപ്പുലം - ഐരവണ്‍ ജനകീയ കൂട്ടായ്മാ ഭാരവാഹികളായ രഘുനാഥ് ഇടത്തിട്ട, വര്‍ഗീസ് ബേബി എന്നിവര്‍ ചേര്‍ന്നാണ് എം.എല്‍.എയ്ക്ക് നിവേദനം സമര്‍പ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ജയ അനില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പലതാ മോഹന്‍, ബിന്ദു, രാജന്‍, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാല്‍, ശ്രീകുമാര്‍ ,മുരളീദാസ് തുടങ്ങിയവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.

 

date