കുട്ടനാട്ടിലെ അങ്കണവാടി കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കി മിനി ആർ ഒ പ്ലാന്റുകൾ
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28 അങ്കണവാടികളിൽ മിനി ആർ ഒ പ്ലാൻറുകൾ സ്ഥാപിച്ച് ശുദ്ധജല കുടിവെള്ള വിതരണത്തിനുള്ള പദ്ധതി പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടികളിൽ മിനി ആർ ഒ പ്ലാന്റുകൾ ഒരുക്കിയത്. സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികളിലാണ് മിനി ആർ ഒ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
കുട്ടനാട് മേഖലയിലെ ശുദ്ധജലത്തിന്റെ ദൗർലഭ്യതയും ജലത്തിന്റെ കഠിന്യവും കുട്ടികൾക്ക് കുടിവെള്ളം ഒരുക്കുന്നതിൽ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്കും അങ്കണവാടി ജീവനക്കാർക്കും അവശ്യമായ കുടിവെള്ളം ലഭ്യമാക്കാനായി മിനി ആർ ഒ പ്ലാന്റുകൾ ഒരുക്കാൻ തീരുമാനിച്ചത്.
അൾട്രാ വയലറ്റ്, അൾട്രാ ഫിൽട്രേഷൻ സൗകര്യങ്ങളോടു കൂടിയ ആർ ഒ പ്ലാന്റുകളാണ് അങ്കണവാടികളിൽ സ്ഥാപിച്ചത്. എട്ട് ലിറ്റർ കപ്പാസിറ്റിയുള്ള മിനി ആർ ഒ പ്ലാന്റാണ് സ്ഥാപിച്ചതെന്നും കുടിവെള്ളത്തിന്റെ കാഠിന്യം പരിശോധിച്ചതിന് ശേഷം ഇപ്പോൾ ഈ ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നും നെടുമുടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ അങ്കണവാടി ടീച്ചർ മറിയക്കുട്ടി പറഞ്ഞു.
- Log in to post comments