20 ഏക്കർ തരിശ് നിലത്ത് കൃഷിയിറക്കി ചുനക്കര ഗ്രാമപഞ്ചായത്ത്
ആലപ്പുഴ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 ഏക്കർ തരിശ് നിലത്ത് കൃഷിക്ക് തുടക്കം കുറിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത്. കോമല്ലൂർ - കരിമുളയ്ക്കൽ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വർഷങ്ങളായി തരിശായി കിടന്നിരുന്ന 20 ഏക്കർ സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നത്.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൃഷി. 12 യുവ കർഷകർ അംഗമായ കൈരളി സ്വയം സഹായ സംഘമാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത് പഞ്ചായത്ത് വാർഷിക പദ്ധതിയുൾപ്പെടുത്തി കൃഷി ഭവൻ വഴി ലഭ്യമാക്കി. പൂർണ്ണമായും സൗജന്യമായാണ് വിത്ത് നൽകിയത് .
ചുനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി, വാർഡ് അംഗം കെ ജി ഗോപകുമാർ, സരളാ ഗോപാലകൃഷ്ണൻ, തൊഴിലുറപ്പ് പദ്ധതി എ. ഇ വിശാൽ ബി കുറുപ്പ് , പാടശേഖര സമിതി പ്രസിഡന്റ് രാമചന്ദ്രൻ പിള്ള , സെക്രട്ടറി വർഗ്ഗീസ്, സ്വയം സഹായ സംഘം പ്രസിഡന്റ് സദാശിവൻപിള്ള , സെക്രട്ടറി ശ്രീജിത്ത്, സി സുരേഷ് , ജയശ്രീ , എസ് സുരേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments