ജല ജീവൻ മിഷൻ പദ്ധതി : ആദ്യ കുടിവെള്ള കണക്ഷൻ വിതരണോദ്ഘാടനം കളക്ടർ നിർവഹിച്ചു
ആലപ്പുഴ : ജലജീവൻ പദ്ധതി പ്രകാരമുള്ള ചേർത്തല മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷന്റെ വിതരണോദ്ഘാടനം ജില്ല കളക്ടർ എ അലക്സാണ്ടർ നിർവഹിച്ചു.
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് സ്വദേശി ജോണിക്കാണ് ആദ്യ കണക്ഷൻ നൽകിയത്. ജലജീവൻ മിഷൻ പദ്ധതിയിലൂടെ ഏറ്റവും ആവശ്യമുള്ള കുടുംബത്തിൽ തന്നെ ആദ്യ കണക്ഷൻ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കളക്ടർ പറഞ്ഞു. ഈ പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.
പദ്ധതി പ്രകാരം തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 4114 ഗുണഭോക്താക്കൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 50 % കേന്ദ്ര സർക്കാരും 25 % സംസ്ഥാന സർക്കാരും 15 % തദ്ദേശ സ്വയംഭരണ സ്ഥാപനവും നൽകും. 10 % ആണ് ഗുണഭോക്തൃവിഹിതം. തണ്ണീർമുക്കം പഞ്ചായത്ത് 41 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമരായ രമാ മദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ജെ. സെബാസ്റ്റ്യൻ, സനൽ നാഥ്, സാനു സുധിദ്രൻ രമേഷ് ബാബു, സി.ഡി.എസ്.പ്രസിഡന്റ് ശ്രീജാ ഷിബു, കെ.ആർ യമുന, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ സി.ആർ മനിഷ്, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments