Skip to main content

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍  സ്വന്തമാക്കുന്നതിന് ആനുകൂല്യം

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക ഉത്പ്പന്നസംസ്‌കരണ/മൂല്യവര്‍ധന യന്ത്രങ്ങള്‍, കൊയ്ത്ത്മെതി യന്ത്രം, ഞാറുനടീല്‍ യന്ത്രം, ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണി, വീല്‍ ബാരോ, ചെയിന്‍ സോ, ബ്രഷ് കട്ടര്‍, വാട്ടര്‍ പമ്പ്, റൈസ് മില്ല്, ഓയില്‍ മില്ല്, ഡ്രയറുകള്‍ മുതലായവ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡിയോടു കൂടി ലഭിക്കും.  കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും ഭക്ഷ്യസംസ്‌കരണം/മൂല്യവര്‍ധന യന്ത്രങ്ങള്‍ക്ക് 60 ശതംമാനം വരെയും സബ്സിഡി ലഭിക്കും.  അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ പരമാവധി എട്ട് ലക്ഷം രൂപയും കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം  വരെയും സബ്സിഡി ലഭിക്കും. രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ ആയി agrimachinery.nic.in/Index/index എന്ന വെബ്സൈറ്റിലൂടെ പൂര്‍ത്തിയാക്കാം. കര്‍ഷക രജിസ്ട്രേഷന് പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ആധാര്‍, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. സൊസൈറ്റി രജിസ്ട്രേഷന് സൊസൈറ്റിയുടെ പേരിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക്പാസ് ബുക്ക്, പാന്‍ കാര്‍ഡ്, എട്ട് അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എന്നിവ ആവശ്യമാണ്. സംശയ നിവാരണങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷി എഞ്ചിനിയറിംഗ് ഓഫീസുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 8281211692, 8547553308.

date