Skip to main content

ജില്ലയിലെ 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

 

ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു ഭരണകേന്ദ്രമാണ് വില്ലേജ് ഓഫീസുകള്‍. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആവുന്നതോടെ സമൂഹത്തിന് ഏറ്റവും  ഉപകാരപ്രദമായ പദ്ധതിയാണ് പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ എത്തുന്നത്. കൂടുതല്‍ മെച്ചപ്പെട്ട കെട്ടിടങ്ങളും കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സജ്ജമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും 159 എണ്ണത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നടക്കുന്നതോടെ സംസ്ഥാനത്ത് ആകെ 305 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കാണ് പൂര്‍ത്തീകരണമാവുന്നതെന്നും നിര്‍മ്മാണോദ്ഘാടനം നടക്കുന്ന വില്ലേജ് ഓഫീസുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭരണനിര്‍വഹണം കാര്യക്ഷമമായി സാധ്യമാക്കുന്നതിന് റവന്യൂ വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളും കടലാസ് രഹിത സംവിധാനമാക്കുക എന്ന ലക്ഷ്യത്തില്‍ താലൂക്ക് ഓഫീസുകളിലും കലക്ട്രേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കി പദ്ധതി മികച്ചരീതിയില്‍ മുന്നോട്ടു പോവുകയാണ്. റവന്യൂ വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇ- ഡിസ്ട്രിക്ട് പദ്ധതി മുഖേന ഓണ്‍ലൈനായി നല്‍കി വരികയാണ്. സംസ്ഥാനത്ത് ആകെയുള്ള 1665 വില്ലേജ് ഓഫീസുകളില്‍ 1633 വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി റജിസ്റ്ററും 1354 വില്ലേജുകളിലെ തണ്ടപ്പേര് റെക്കോര്‍ഡുകളും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ 1644 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവും ഇ- പേയ്മെന്റ് സംവിധാനവും നടപ്പിലാക്കി. അതോടൊപ്പം 1218 വില്ലേജുകളില്‍ ഇ-പോസ്റ്റ് മെഷീന്‍ സ്ഥാപിച്ചു. കറന്‍സി രഹിതമായി നികുതി സ്വീകരിക്കുന്ന രീതിയും പ്രാബല്യത്തില്‍ വന്നു. ശേഷിക്കുന്ന വില്ലേജുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചത്. ജില്ലയിലെ 41 വില്ലേജുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍  34 വില്ലേജുകളുടെയും  2020-21 സാമ്പത്തിക വര്‍ഷം റവന്യൂ ഓഫീസുകളുടെ നവീകരണത്തിലുള്‍പ്പെടുത്തി  ഭരണാനുമതി ലഭിച്ച മൂന്ന് വില്ലേജുകളുടെയും ഉദ്ഘാടനമാണ് നടന്നത്. സംസ്ഥാനത്തെ 6526 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പ്രസ്തുത പരിപാടിയില്‍ നിര്‍വഹിച്ചു.

മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, എ.കെ ബാലന്‍, ഡോ. കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, എം എം മണി, ജെ. മേഴ്സിക്കുട്ടി അമ്മ, അഡ്വ. കെ രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. വി.എസ് സുനില്‍കുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date