Skip to main content

ഇ.എം.എസ് സ്മാരക ടൗണ്‍ സ്‌ക്വയര്‍ സ്പീക്കര്‍ നാടിന് സമര്‍പ്പിച്ചു

 

 

പെരിന്തല്‍മണ്ണ നഗരത്തിന്റെ  മുഖച്ഛായമാറ്റുന്ന രീതിയില്‍ പണികഴിപ്പിച്ച ഇ.എം.എസ് സ്മാരക ടൗണ്‍ സ്‌ക്വയര്‍  നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സാംസ്‌കാരിക നഗര ചതുരം എന്ന പേരില്‍ ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചിരിക്കുന്നത്. കലാ-സാംസ്‌കാരിക പരിപാടികള്‍, രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍, മത-സാമുദായിക സംഘടനകളുടെ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും  ഒഴിവു സമയങ്ങള്‍ ചെലവിടാനും ഉപയോഗപ്രദമാവുന്ന രീതിയില്‍  നഗരത്തില്‍ ഒരു പൊതു ഇടം എന്ന ലക്ഷ്യത്തോടെയാണ് 50 സെന്റ് സ്ഥലത്ത് നഗരസഭ ടൗണ്‍ സ്‌ക്വയര്‍ നിര്‍മിച്ചിരിക്കുന്നത്.

 

നവീന രീതിയിലുള്ള ചുറ്റുമതില്‍, ഗേറ്റ്, പൊതു പരിപാടികള്‍ നടത്താനുള്ള വിശാലമായ സ്റ്റേജ്, ഇന്റര്‍ലോക്ക് കട്ട പാകിയ യാര്‍ഡ്, യാര്‍ഡിനു നടുവിലായി പുല്‍മേട്, യാര്‍ഡിന്റെ അതിര്‍ത്തികളില്‍ പുതിയ ബസ്റ്റാന്‍ഡിലേക്കുള്ള റോഡിനോട് ചേര്‍ന്ന് ബുക്ക്സ്റ്റാള്‍, സ്റ്റേഷനറി, സ്നാക്ക്സ്, ചായ എന്നിവ ലഭിക്കുന്ന 10 കിയോസ്‌ക്കുകള്‍, മതിലിനോട് ചേര്‍ന്ന് വിശ്രമ ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളാണ്  ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കുന്നത്. പൊതു പരിപാടികള്‍ക്കും മറ്റും കുറഞ്ഞ വാടക ഈടാക്കിയാണ് ടൗണ്‍ സ്‌ക്വയര്‍ നല്‍കുക. 

 

പൊതുപരിപാടികള്‍ക്കാവശ്യമായ കസേര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ടൗണ്‍സ്‌ക്വയറില്‍ ഒരുക്കും. പൊതു പരിപാടികള്‍ക്ക് ബുക്കിങില്ലാതെ എല്ലാ ദിവസവും നടത്താനുള്ള അനുവാദവും ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളൊരുക്കുന്ന പട്ടണത്തിലെ പൊതു ഇടമാക്കി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

 

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, മുനിസിപ്പല്‍ സെക്രട്ടറി എസ്.അബ്ദുല്‍ സജിം,  ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പത്തത്ത് ആരിഫ്, പി.ടി ശോഭന, കിഴിശ്ശേരി മുസ്തഫ, രതി അല്ലക്കാട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, ഓവര്‍സിയര്‍ സി.പി. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

date