കൊണ്ടംവെള്ളി പാടശേഖരത്തിലെ വി.സി.ബി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കൊണ്ടം വെള്ളി പാടശേഖരം പൂർണ്ണ തോതിൽ കൃഷിയോഗ്യമാക്കാനുതകും വിധം നിർമ്മിക്കുന്ന വി.സി.ബിയുടെ പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ ചെറുകിട ജലസേചന വകുപ്പ് വഴി അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. വി.സി.ബി നിർമ്മാണവും പാടത്തെ മുറിച്ചു കടക്കുന്ന അനുബന്ധ റോഡും പൂർത്തിയാകുന്നതോടെ ഈ പാടശേഖരത്തിലെ ഭൂരിഭാഗം സ്ഥലത്തും ശരിയായ വിധം ജല ക്രമീകരണം നടത്താൻ കഴിയും. ഇതോടെ നെൽക്കൃഷി പുനരാരംഭിക്കുവാനും സാധിക്കും. 45 ഹെക്ടറോളം ഭാഗത്തേക്ക് നെൽകൃഷി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.വിശ്വൻ, ബ്ലോക്ക് അംഗം ഗീത കാരോൽ, വാർഡ് അംഗങ്ങളായ കെ.പുഷ്പ, വി.കെ.ശശിധരൻ, പി.വേണു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വത്സരാജ്, അസിസ്റ്റന്റ് എഞ്ചിനീയർ രാജീവൻ എന്നിവർ പങ്കെടുത്തു.
- Log in to post comments