Skip to main content

സ്മാർട്ട് വില്ലേജ് കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നടന്നു

 

 

 

സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനവും 159 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. 

ജില്ലയിൽ കീഴരിയൂർ സ്മാർട്ട് വില്ലേജ് ഓഫീസാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. നരിപ്പറ്റ, എടച്ചേരി, താഴേക്കാട്, കാക്കൂർ, മടവൂർ, ചാത്തമംഗലം, വളയം, വില്ല്യാപ്പള്ളി, വേളം, കാന്തലാട് സ്മാർട്ട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനവും നടന്നു. ഇതോടനുബന്ധിച്ച് ജില്ലയിൽ 1200 പേർക്ക് പട്ടയം വിതരണം  ചെയ്തു.

കീഴരിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പട്ടയം വിതരണം ചെയ്തു. നാല് സെന്റ് കോളനി പട്ടയം അഞ്ച് പേർക്കാണ് വിതരണം ചെയ്തത്. 2018-19 പ്ലാൻ സ്‌കീം പ്രകാരം സ്മാർട്ട് വില്ലേജ് പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കീഴരിയൂർ വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയാക്കിയത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ കാരയിൽ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ കാർത്ത്യായനി, വടകര ആർഡിഒ വി.പി അബ്ദുറഹിമാൻ, കൊയിലാണ്ടി തഹസിൽദാർ സി.പി മണി, വില്ലേജ് ഓഫീസർ കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ചാത്തമംഗലത്ത് നടന്ന പരിപാടിയിൽ പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി എ രമേശൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എം സാമി, പഞ്ചായത്ത് അംഗം കൽപ്പള്ളി നാരായണൻ നമ്പൂതിരി, എൽജെഡി കെ കെ സദാനന്ദൻ, ജെഡിഎസ് സി കെ ഷമീം, ഭൂരേഖ തഹസിൽദാർ നിർമ്മൽ റീത്ത ഗോംസ്, ചാത്തമംഗലം വില്ലേജ് ഓഫീസർ പ്രവിത വേലായുധൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ കെ ഗായത്രി റിപ്പോർട്ട് അവതരിപ്പിച്ചു.

കാക്കൂർ വില്ലേജ് ഓഫീസ്  44 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുക. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടമാണ് കാക്കൂർ വില്ലേജ് ഓഫീസിനുവേണ്ടി നിർമ്മിക്കുന്നത്. കാക്കൂർ പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും പട്ടയവിതരണവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന നിർവഹിച്ചു. നാല് പട്ടയങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം ഷാജി, കോഴിക്കോട് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ കാന്തലാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ശിലാഫലക അനാഛാദനവും പട്ടയ വിതരണവും പുരുഷൻ കടലുണ്ടി എം.എൽ.എ. നിർവ്വഹിച്ചു.  ആറ് പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി, വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം പി.ആർ സുരേഷ്, താമരശ്ശേരി തഹസിൽദാർ സുബൈർ.ടി , ഭൂരേഖ തഹസിൽദാർ ബൽരാജൻ, ഡെപ്യൂട്ടി തഹസിൽദാർ പ്രജീഷ് കുമാർ, കാന്തലാട് വില്ലേജ് ഓഫീസർ അനുപമ കെ.വി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വില്ല്യാപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള പട്ടയവിതരണം നിർവഹിച്ചു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ബാലറാം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫിയ മലയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭ മലയന്റെ വിട തുടങ്ങിയവർ പങ്കെടുത്തു.

താഴക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിൽ നടന്ന പരിപാടിയിൽ മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ മുക്കം വിജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി ടി സുലൈമാൻ, പ്രജിത പ്രദീപ്, ഡെപ്യൂട്ടി തഹസിൽദാർ പി എസ് വിജയൻ, കുമാരനല്ലൂർ വില്ലേജ് ഓഫീസർ നജ്മൽ ഹുദാ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു, നീലേശ്വരം എസ് ഇഒ പ്രതാപൻ നമ്പൂതിരി, കക്കാട് എസ് ഇ ഒ മുഹമ്മദ് ബഷീർ, താഴെക്കോട് എസ് ഇ ഒ ടിജെ അഗസ്റ്റിൻ, താഴക്കോട് വില്ലേജ് ജീവനക്കാരായ സി സുലൈമാൻ, പി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ ബഷീർ അഞ്ച് പട്ടയം വിതരണം ചെയ്തു.

നരിപ്പറ്റ വില്ലേജ് ഓഫീസ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി അധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എംഎൽഎ പട്ടയ വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ സജിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ വിജയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി പവിത്രൻ, പഞ്ചായത്തംഗങ്ങളായ കെ.കെ സൗദ, പാലേൽ കുഞ്ഞമ്മദ്, വിജയലക്ഷ്മി, വില്ലേജ് ഓഫീസർ സി.പി സതീഷ് ബാബു, എന്നിവർ പങ്കെടുത്തു.

എടച്ചേരി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി.  എടച്ചേരി ഗ്രാമപഞ്ചായത്തില്‍  155 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി അദ്ദേഹം അറിയിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ.രാജന്‍ മാസ്റ്റര്‍ ,വാര്‍ഡ് മെമ്പര്‍ പി.ഗംഗാധരന്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഷൈനി കെടികെ പട്ടയം വിതരണം ചെയ്തു.

date