തദ്ദേശ തെരഞ്ഞെടുപ്പ ്: അദ്ധ്യക്ഷസ്ഥാന സംവരണം നിശ്ചയിച്ചു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ വിഭാഗത്തിന്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രസിഡന്റ്മാരുടെ സംവരണ സ്ഥാനങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവാ.യി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈ പ്രാവശ്യം ജനറല്‍ വിഭാഗത്തിനാണ്. കട്ടപ്പന മുനിസിപ്പല്‍ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമാണ്.
ദേവികുളം, ഇടുക്കി, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. നെടുങ്കണ്ടം പട്ടികജാതി വിഭാഗത്തിനും, അടിമാലി പട്ടികവര്‍ഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, മറയൂര്‍, ദേവികുളം, ഇടമലക്കുടി, സേനാപതി, കരുണാപുരം, നെടുങ്കണ്ടം, രാജകുമാരി, ആലക്കോട്, കരിമണ്ണൂര്‍, വാത്തിക്കുടി, കാമാക്ഷി, അയ്യപ്പന്‍കോവില്‍, കുമാരമംഗലം, മുട്ടം, ഇടവെട്ടി, പെരുവന്താനം, കുമളി, കൊക്കയാര്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ എന്നീ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനം സ്ത്രികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. മാങ്കുളം പട്ടികവര്‍ഗ്ഗ സ്ത്രീയും ഉപ്പുതറ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. വണ്ണപ്പുറം, അറക്കുളം, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നായിരിക്കും പ്രസിഡന്റ്.. മൂന്നാര്‍, വട്ടവട എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സ്ത്രിക്ക് സംവരണം ചെയ്തിരിക്കുന്നു.
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പില്‍ 6 മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനങ്ങളില്‍ 3 എണ്ണം സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ 44 സ്ഥാനം സ്ത്രീകള്‍ക്കും (പട്ടികജാതി സ്ത്രീ ഉള്‍പ്പടെ) 6 എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അതില്‍ 3 എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ്ഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റു സ്ഥാനങ്ങളില്‍ 7 എണ്ണം സ്ത്രികള്‍ക്കും ഒരെണ്ണം പട്ടിക ജാതിക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചയാത്തുകളിലെ പ്രസിഡന്റു സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതിക്കാര്‍ക്കും 2 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടിക വര്‍ഗ്ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും 8 എണ്ണം പട്ടിക വര്‍ഗ്ഗത്തിനും സംവരണം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സംവരണം ചെയ്ത് സ്ഥാനങ്ങള്‍ കേരള പഞ്ചായത്ത് ആക്ട് പ്രകാരം സംസ്ഥാനത്തെ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീതിച്ചു കൊടുത്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പഞ്ചായത്ത് ആക്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപഞ്ചായത്തിലേയും പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സംവരണം ചെയ്യുന്ന സ്ഥാനങ്ങള്‍ ജില്ലയിലെ ഈ വിഭാഗക്കാരുടെ ജനസംഖ്യക്ക് ആനുപാതികമായി വീതിച്ച് നല്‍കേണ്ടതാണ്. ഗ്രാമപഞ്ചായത്തിന്റെ കാര്യത്തില്‍ ഓരോ ജില്ലയിലെ സംവരണ സ്ഥാനങ്ങള്‍ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീതിച്ചു നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ കേരള ഹൈക്കോടതി വിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുളള ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ സ്ഥാനങ്ങള്‍ അവരുടെ ജനസംഖ്യാനുപാതികമായി ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് ആവര്‍ത്തന ക്രമത്തില്‍ വീതിച്ചു നല്‍കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം സ്ത്രികള്‍ക്കായി സംവരണം ചെയ്യാന്‍ അര്‍ഹതയുളള പഞ്ചായത്തും പട്ടികജാതിക്കോ പട്ടികവര്‍ഗ്ഗത്തിനോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നു തന്നെയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യുന്നതില്‍ പട്ടിക ജാതിക്കോ പട്ടിക വര്‍ഗ്ഗത്തിനോ മുന്‍ഗണന നല്‍കണം. ക്രമമനുസരിച്ച് തൊട്ടടുത്ത്, സ്ത്രികളുടെ ഏറ്റവും കൂടുതല്‍ ജനസംഖ്യാ ശതമാനമുളള പ്രസിഡന്റ് സ്ഥാനം സ്ത്രികള്‍ക്കായി സംവരണം ചെയ്യേണ്ടതാണ്. പട്ടികജാതിക്കോ പട്ടികവര്‍ഗ്ഗത്തിനോ പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെടുന്ന പഞ്ചായത്തുകളില്‍ സ്ത്രീകളുടെ ജനസംഖ്യാ ശതമാനം കൂടുതല്‍ ഉള്ളവ ക്രമമനുസരിച്ച് പ്രസ്തുത വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണം. പട്ടിക ജാതിക്കോ പട്ടികവര്‍ഗത്തിനോ അവരിലെ സ്ത്രീകള്‍ക്കോ പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യുന്നത് ആ പഞ്ചായത്തില്‍ ആ വിഭാഗത്തിന് ഒരു നിയോജക മണ്ഡലമെങ്കിലും സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതി വിധിയിലെ നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് പട്ടികജാതി സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടിക വര്‍ഗ്ഗം, സ്ത്രീകള്‍ എന്നിവര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഗ്രാമ പഞ്ചായത്ത് സ്ഥാനങ്ങള്‍ ആവര്‍ത്തന ക്രമമനുസരിച്ച് വീതിച്ചു നല്‍കേണ്ടതും ആവര്‍ത്തന ക്രമം പട്ടികജാതിക്കാരുടേയോ പട്ടികവര്ഗ്ഗക്കാരുടേയോ സ്ത്രീകളുടേയോ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തില്‍ നിന്നും തുടങ്ങണണെമെന്നുമാണ് വ്യവസ്ഥ.
- Log in to post comments