Skip to main content

നെല്‍വയലുടമകള്‍ക്ക് റോയല്‍റ്റി സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്  

രാജ്യത്ത് ആദ്യമായി വയലുടമകള്‍ക്ക് റോയല്‍റ്റി നല്കുന്ന പദ്ധതിപ്രകാരമുള്ള തുകയുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (05) രാവിലെ 10 മണിക്ക് തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഹാളില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നു. കൃഷിവകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ തല്‍സമയം വീക്ഷിക്കാം. 

എല്ലാ കൃഷിഭവനുകളിലും ഇന്ന് റോയല്റ്റി ദിനമായി ആചരിക്കുകയും ഇതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നെല്ക്കര്‍ഷകരുടെ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

 നെല്ക്കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ ഉടമകള്‍ക്കാണ് ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്. നിലവില്‍ നെല്ക്കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത ഭൂമി നെല്ക്കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍/ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്റ്റി അനുവദിക്കാവുന്നതാണ്. എന്നാല്‍ പ്രസ്തുത ഭൂമി തുടര്‍ന്നും മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരിശിട്ടാല്‍ പിന്നീട് റോയല്റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കര്‍ഷകര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്.

date