പഠനസാഹചര്യം നഷ്ടപ്പെടാതിരിക്കാന്‍ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലേയ്ക്ക് മടക്കി കൊണ്ടുവരും: മന്ത്രി എ.കെ.ബാലന്
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതുതായി ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി ബ്ലോക്ക് കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാട്ടേഴ്സിന്റെയും ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് ഓണ്‍ലൈനായി നിര്‍വഹിച്ചു. വി.എസ്. അച്യുതാനന്ദന് എം.എല്‍.എ അധ്യക്ഷനായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നില്‍ക്കേണ്ടി വന്ന ആദിവാസിക്കുട്ടികള്ക്ക് ഹോസ്റ്റലിലെ സൗകര്യം വീടുകളില്‍ ലഭ്യമല്ലാത്തതിനാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആരോഗ്യ വകുപ്പിന്റെ നിബന്ധനങ്ങള്‍ പാലിച്ച് ഹോസ്റ്റലിലേയ്ക്ക് ഇവരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പല രൂപത്തിലുള്ള സ്വാധീനങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നുണ്ടെന്ന് പോലീസ് തലത്തില്‍ ഹെഡ്ക്വാട്ടേഴ്സ് ഐ.ജി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധന പ്രകാരം മനസ്സിലാക്കിയിട്ടുണ്ട്. ആദിവാസി കുട്ടികളുടെ ഹോസ്റ്റലിലേയ്ക്കുള്ള മടങ്ങിവരവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഇടപെടല്‍ നടത്തണം. പട്ടികജാതി വിഭാഗങ്ങളില്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സൗകര്യക്കുറവുള്ള വീടുകളില്‍ വീടിനോടനുബന്ധിച്ച് 150 സ്ക്വയര്‍ ഫീറ്റില്‍ രണ്ട് ലക്ഷം ചെലവഴിച്ച് പഠനമുറി യാഥാര്‍ത്ഥ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. പട്ടികവര്‍ഗ ഊരുകളില്‍ മാത്രം 250 പഠനമുറികള്‍ ഇതുവരെ പൂര്‍ത്തിയാക്കി.
സ്കൂളുകളില്‍ നിന്നും ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി ഗോത്രഭാഷ അറിയുന്ന അധ്യാപകരെ താത്ക്കാലികമായി നിയമിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ മാത്രം 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന് എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയര്‍ ആഷിറ്റ സലീം, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം.മല്ലിക തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments