Skip to main content

കുട്ടികൂട്ടങ്ങളുമായി സംവദിച്ച് ജില്ലാകലക്ടര്‍

ശിശുദിനത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് ലൈനും കുടുംബശ്രീയും ബാലസഭയിലെ കുട്ടികളും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ സൗഹൃദ സംഭാഷണം വ്യത്യസ്ത അനുഭവമായി. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'പറയാം പങ്കുവെക്കാം' എന്ന പേരിലാണ് ജില്ലാ ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് ഇത്തരത്തില്‍  അവസരം ഒരുക്കിയത്. പൊന്‍മുണ്ടം ബാലപഞ്ചായത്ത്  പ്രസിഡന്റ് കൃഷ്ണ സുരേഷ് അധ്യക്ഷയായ പരിപാടിയില്‍ മക്കര പറമ്പ് ബാല പഞ്ചായത്ത് പ്രസിഡന്റ് അവന്തിക സ്വാഗതം പറഞ്ഞു.
'എന്നാണ് സാറെ സ്‌ക്കൂള്‍ തുറക്കുക' എന്ന കുട്ടികളുടെ ആശങ്ക നിറഞ്ഞ ചോദ്യത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മാറിയ കാലത്തെ ഓണ്‍ലൈന്‍ പഠനവും പരീക്ഷകളും  കോവിഡ് വാക്സിനും കലക്ടറുടെ ഔദ്യോഗിക ജീവിതവും കുട്ടികള്‍ക്ക് ചോദ്യങ്ങളായി.  ഏറെ താത്പര്യത്തോടെ കുട്ടികൂട്ടത്തോട് സംവദിച്ച കലക്ടര്‍ താന്‍ സിവില്‍ സര്‍വീസ് നേടിയതും അതിന് നടത്തിയ ശ്രമങ്ങളും നേരിട്ട പ്രതിസന്ധികളും കുട്ടികളുമായി പങ്കിട്ടു. ഓരോരുത്തരും തങ്ങള്‍ നേടേണ്ട ലക്ഷ്യം കണ്ടെത്തി അതില്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് കലക്ടര്‍ കുട്ടികള്‍ക്ക് ആത്മ വിശ്വാസം നല്‍കി. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും പ്രത്യേകിച്ച് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജിവച്ച് സര്‍ക്കാര്‍ സര്‍വീസ് തെരഞ്ഞടുത്തതെന്നും താന്‍ ഈ ജോലിയില്‍ സംതൃപ്തനാണെന്നും കലക്ടര്‍ കുട്ടികളോട് പറഞ്ഞു. തന്റെ പഠനകാലത്ത് ഡോ: എ.പി.ജെ അബ്ദുള്‍ കലാമിന്റെ വിദ്യാര്‍ഥിയായിരുന്ന അനുഭവം വിവരിച്ചത് കുട്ടികളില്‍ എറെ കൗതുകമുളവാക്കി. ഗൂഗിള്‍ മീറ്റീലൂടെ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടി കുട്ടികള്‍ക്ക് പുതു ഉണര്‍വായി. ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സേഷ്യല്‍ ഡെവലപ്പ്മെന്റ് കെ.എസ് അഷ്‌ക്കര്‍ വിവിധ ബാല പഞ്ചാത്ത് പ്രതിനിധികളും പങ്കെടുത്തു.

date