Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്തൃസംഗമം ജനുവരി 28ന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ലൈഫ് മിഷന്‍ ഗുണഭോക്തൃസംഗമം ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ജനുവരി 28ന് രാവിലെ 10.30ന് നടക്കും. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ ലൈഫ് മിഷന്‍ അദാലത്തും സംഗമത്തിന്റെ ഭാഗമായി നടക്കും. പരാതികള്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലേക്ക് കൈമാറും. 

ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേകം ഫണ്ട് വകയിരുത്തിയതായി ഗുണഭോക്തൃ സംഗമത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഫണ്ട് വകയിരുത്തി ജനുവരി 30നകം ജില്ലാ പഞ്ചായത്തില്‍ അറിയിക്കണം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാന്‍ ഫെബ്രുവരി രണ്ടിന് നടക്കുന്ന ഡിപിസി യോഗത്തില്‍ പഞ്ചായത്തുകള്‍ ഭേദഗതി പ്രൊജക്ടുകള്‍ സമര്‍പ്പിക്കണം. പട്ടികജാതി പട്ടിക വര്‍ഗ, മത്സ്യത്തൊഴിലാളി മേഖലകളിലെ ഗുണഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി അഡീഷണല്‍ ലിസ്റ്റ് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.  ഗുണഭോക്തൃ സംഗമത്തില്‍ എം പി, എം എല്‍ എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. 

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി എം ധനീഷ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം വത്സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date