Skip to main content

ചെങ്ങന്നൂർ പരാതി പരിഹാര അദാലത്ത് ; 18 പരാതികൾ തീർപ്പാക്കി

 

ആലപ്പുഴ : ജില്ലാ കളക്ടറുടെ ചെങ്ങന്നൂർ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തിൽ 20 പരാതികളിൽ 18 എണ്ണം തീർപ്പാക്കി. ഒരു പരാതി തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർപരിശോധനക്കായി ആർ ടി ഒയ്ക്ക് നിർദ്ദേശം നൽകി.

അദാലത്തിൽ പരിഗണിച്ച പരാതികളിൽ ഒന്നിൽ, യാശോധരൻ എന്നയാളുടെ തണ്ടപ്പേരുള്ള കരമടക്കാൻ സാധിക്കുന്ന ഭൂമി പുറമ്പോക്ക് എന്നാണ് കാണിച്ചിരുന്നത്. ഈ വ്യക്തി വർഷങ്ങളായി ഈ ഭൂമി നിലമോ പുരയിടമോ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ അത് എഴുതി വന്നപ്പോളുണ്ടായ ക്ലറിക്കൽ തെറ്റ് ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചക്കുള്ളിൽ അത് പുരയിടമാക്കി നൽകുന്നതിന് ഉത്തരവായി.

ചെങ്ങന്നൂർ ഹാച്ചറിയിൽ കാലിത്തീറ്റ എത്തിക്കുന്നതിന് കരാർ ഏറ്റെടുത്തിരുന്ന കരാറുകാരന്റെ സാധനങ്ങൾ ചുമന്നിറക്കുന്ന തൊഴിലാളിക്ക് അപകടമുണ്ടായതിനെ തുടർന്ന് നഷ്ടപരിഹാരം അപേക്ഷിച്ചു നൽകിയ പരാതിയിൽ, കരാറുകാരൻ ഹാച്ചറിയിലെ തൊഴിലാളി അല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ സാധിക്കുകയില്ലെന്ന് നിലപാടെടുത്തു. എന്നാൽ വർക്ക്‌ കോമ്പോസിഷൻ ആക്ട് പ്രകാരം സ്ഥാപനത്തിൽ വെച്ച് നടന്ന സംഭവമായതിനാൽ സ്ഥാപന മേധാവിക്ക് ബാധ്യതയുള്ളതിനാൽ ഈ വിഷയം പുനപരിശോധിക്കുവാൻ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി.

വായോധികയായ പാവുക്കര സ്വദേശിയായ പൊന്നമ്മ അദാലത്തിൽ താനും ഭർത്താവും അസുഖബാധിതർ ആണെന്നും തനിച്ചാണ് താമസിക്കുന്നതെന്നും ആയതിനാൽ റേഷൻ കാർഡ് ബിപിഎൽ ഗണത്തിൽ ആക്കി തരണമെന്ന് കാണിച്ച് നൽകിയ പരാതി പരിഗണിച്ചു. റ്റി എസ് ഒ ഇവർക്ക് 23 മാർക്കേ ബിപിഎൽ ലിസ്റ്റിൽ ആക്കാൻ ലഭിച്ചുള്ളൂ എന്നും ആയതിനാൽ കാർഡ് അനുവദിക്കാൻ സാധിക്കില്ല എന്നും അറിയിച്ചെങ്കിലും അവരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ പരാതി പുനപരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.

പ്രളയ ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് കുഞ്ഞുമോൾ എന്ന പരാതിക്കാരി സമർപ്പിച്ച പരാതിയിൽ, പരാതിക്കാരിയും അവരുടെ മകളും ഭർത്താവും ഒരേ റേഷൻ കാർഡ് ആണ് ഉപയോഗിച്ചിരുന്നതെന്നും മകൾക്ക് പ്രളയ ദുരിതാശ്വാസമായി ഒരു ലക്ഷത്തി പതിനയ്യായിരം രൂപ അനുവദിച്ചെങ്കിലും പരാതിക്കാരിക്ക് ധനസഹായം ലഭിച്ചില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒരു റേഷൻ കാർഡിന് ഒരു പ്രളയധനസഹായം മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു എന്ന കാരണത്താൽ പരാതി നിരസിച്ചു.

പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അദാലത്തിലേക്ക് അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സെന്ററില്‍ ഹാജരായി ജില്ല കളക്ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു.

പരാതികളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. അഡിഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date