ഇരുപത് വർഷം നീണ്ട കാത്തിരിപ്പിന് വിരാമം; പട്ടയം കിട്ടി, നീനാമ്മ ഹാപ്പിയാണ്
ആലപ്പുഴ : നീനാമ്മയ്ക്കിനി സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരില്‍ ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് പറവൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് വെളിയിൽ വീട്ടിൽ നീനാമ്മ.
വർഷങ്ങളായി താമസിക്കുന്ന രണ്ടര സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാൽ മറ്റു സർക്കാർ സഹായങ്ങൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് വർഷങ്ങളോളം നീനാമ്മ നിരവധി അപേക്ഷകളും സമർപ്പിച്ചിരുന്നു. സ്കൂൾ വിദ്യാർഥികളായ രണ്ടു പെൺകുട്ടികൾ ഉൾപ്പെടുന്ന നീനാമ്മയുടെ കുടുംബത്തിന്റെ ഏക സ്വത്തും ഈ ഭൂമിയാണ്. പട്ടയം അനുവദിച്ചു തരണമെന്ന്കാട്ടി താലൂക്ക് ഓഫീസ് വഴി സമർപ്പിച്ച അപേക്ഷയിലാണ് നീനാമ്മയ്ക്ക് ഇപ്പോൾ സർക്കാർ പട്ടയം അനുവദിച്ചു നൽകിയത്. കൂലിപണി ചെയ്തു ജീവിതം പുലർത്തിയിരുന്ന നീനാമ്മ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് സ്വന്തം ഭൂമിക്കായി അപേക്ഷിച്ചത്. ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കരങ്ങള്‍ നീനാമ്മയ്ക്ക് ഇപ്പോൾ തുണയേകിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും സ്വന്തമായി ഭൂമി എന്ന സ്വപ്നം നിറവേറ്റിത്തന്ന എല്ലാ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ടെന്ന് നീനാമ്മ പറഞ്ഞു.
- Log in to post comments