Skip to main content

കുടുംബശ്രീ നേര്‍സാക്ഷ്യം പ്രകാശനം ചെയ്തു

 

 

കുടുംബശ്രീയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളടങ്ങിയ ലഘുലേഖ അതിജീവനത്തിന്റെ ഉള്‍ക്കരുത്തുമായി വികസനത്തിന്റെ നാല് വര്‍ഷങ്ങള്‍: നേര്‍സാക്ഷ്യം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബേബി ബാലകൃഷ്ണന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയില്‍ കുടുംബശ്രീ വഴി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങളും തനത് പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമാണ് ലഘുലേഖയില്‍ പ്രതിപാദിക്കുന്നത്.  സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2016-20 സാമ്പത്തിക വര്‍ഷത്തില്‍ 735.59 കോടി രൂപയാണ് 11057 അയല്‍ക്കൂട്ടങ്ങളിലേക്കായി ജില്ലാ മിഷന്‍ ചിലവഴിച്ചത്. കോവിഡ് മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കായി  മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയിലൂടെ 106.38 കോടി രൂപ അനുവദിച്ചു. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ആരംഭിച്ച മഴപ്പൊലിമ കാര്‍ഷിക പുനരാവിഷ്‌കരണ ക്യാമ്പയിനിലൂടെ സംഘകൃഷി അംഗങ്ങള്‍ കൃഷി ചെയ്ത് അരിശ്രീ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയ നാടന്‍ കുത്തരി, ഗ്രാമ കിരണം എല്‍.ഇ.ഡി ബള്‍ബ്, ടേസ്റ്റ് കാഷ്യൂ, പാഷന്‍ സിപ്പ് തുടങ്ങിയവ വന്‍ വിപണി സ്വീകാര്യത നേടി.  കോവിഡ് കാലത്ത് സമൂഹ അടുക്കളയിലൂടെയും തുടര്‍ന്ന് ജനകീയ ഹോട്ടലുകളിലൂടെയും കുടുംബശ്രീ വിശപ്പ് രഹിത കേരളത്തിനായി സംസ്ഥാന സര്‍ക്കാരിന് കരുത്തേകി. ഡിസ് ഇന്‍ഫെക്ഷന്‍ ടീം, കെ-ശ്രീ മാസ്‌ക്, വിത്തും കൈക്കോട്ടും കാര്‍ഷിക ചാലഞ്ച്, സന്നദ്ധ സേന, ഓണ്‍ലൈന്‍ തീയറ്റര്‍ തുടങ്ങിയവയിലൂടെ കുടുംബശ്രീ കോവിഡ് കാലത്ത് സജീവമായിരുന്നു.

 

date