Skip to main content

സാന്ത്വന സ്പർശം അദാലത്ത് ഇന്ന്(17 ഫെബ്രുവരി) തിരുവനന്തപുരത്ത്

** നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ പരാതികൾ മാത്രമേ പരിഗണിക്കൂ

 

ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടു കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഇന്നു(17 ഫെബ്രുവരി) തിരുവനന്തപുരത്ത്. എസ്.എം.വി. സ്‌കൂളിൽ നടക്കുന്ന അദാലത്തിൽ നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ അപേക്ഷകൾ മാത്രമാകും പരിഗണിക്കുക. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

 

ജില്ലയിലെ മറ്റു നാലു താലൂക്കുകളിലെ പരാതികൾ പരിഹരിക്കുന്നതിനായി ഫെബ്രുവരി എട്ടിന് നെയ്യാറ്റിൻകരയും ഒമ്പതിന് ആറ്റിങ്ങലിലും സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഇരു അദാലത്തുകളിലുമായി സി.എം.ഡി.ആർ.എഫ്. വഴി ഇതുവരെ 2,34,59,500 രൂപയുടെ ധനസഹായം ജില്ലയിൽ നൽകിയിട്ടുണ്ട്. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ പരാതിക്കാർ മാത്രമേ ഇന്ന് എസ്.എം.വി. സ്‌കൂളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തേണ്ടതുള്ളൂ എന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 

 

നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലായി അക്ഷയ സെന്ററുകളിലൂടെയും ഓൺലൈനിലൂടെ നേരിട്ടും 3,319 പരാതികളാണ് സാന്ത്വന സ്പർശം അദാലത്തിലേക്കു ലഭിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിലേയും ഉച്ചയ്ക്കു രണ്ടു മുതൽ 5.30 വരെ തിരുവനന്തപുരം താലൂക്കിലേയും പരാതികളാകും പരിഗണിക്കുക.  സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പാക്കിയവ അദാലത്ത് വേദിയിൽ അതതു വകുപ്പുകളുടെ സ്റ്റാളുകളിൽനിന്ന് പരാതിക്കാരനു നേരിട്ടു നൽകും. സി.എം.ഡി.ആർ.എഫ് അപേക്ഷകളടക്കം മന്ത്രിമാർ നേരിട്ടു തീർപ്പാക്കേണ്ടവയിൽ അപേക്ഷകനെ മന്ത്രിമാർ നേരിൽ കേട്ടു പരാതി പരിഹരിക്കും.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും അദാലത്ത് നടക്കുകയെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മുഴുവൻ അപേക്ഷകരേയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാകും അദാലത്ത് നടക്കുന്ന എസ്.എം.വി. സ്‌കൂളിലേക്കു പ്രവേശിപ്പിക്കുക. സാമൂഹിക അകലം ഉറപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അദാലത്ത് വേദിയിലേക്ക് കിടപ്പുരോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർ നേരിട്ട് എത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികൾ എത്തിയാൽ മതിയെന്നും കളക്ടർ അറിയിച്ചു.

date