ഒറ്റമശ്ശേരിയിൽ തകർന്ന വീടുകൾക്കു പിൻവശം കല്ലുപാകി തുടങ്ങി
ഒറ്റമശ്ശേരിയിൽ കടലാക്രമണം മൂലം അപകടഭീഷണിയിലായ രണ്ട് വീടുകൾക്ക് പുറക്വശത്തായി കല്ല് പാകാനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ് ആരംഭിച്ചു. വലിയ കല്ലുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ഒറ്റമശ്ശേരി ഭാഗത്ത് 240 മീറ്റർ കല്ലുകെട്ടി അപകട ഭീഷണിയിലായ വീടുകൾ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് ഇറിഗേഷൻ വകുപ്പ് എടുത്തുവരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എസ്.സുഹാസ് വകുപ്പിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് നടപടി. നിശ്ചയിച്ചതിന്റെ പകുതിയോളം ഭാഗം പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞദിവസം ഒറ്റമശ്ശേരിയിൽ കടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ജില്ലയിലാകമാനം കൂടുതൽ കടൽക്ഷോഭം നേരിട്ടുകൊണ്ടിരിക്കുന്ന വീടുകൾക്ക് സുരക്ഷിതത്വത്തിനായി കല്ലിടുന്ന നടപടി ഇറിഗേഷൻ വകുപ്പ് വേഗത്തിൽ ആക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിർദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിൽ നൽകിയിരുന്നു.
(പി.എൻ.എ. 1457/2018)
- Log in to post comments