സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും 30ന്
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗക്കാര്‍ക്കായി വാമനപുരം ബ്ലോക്ക് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ജൂണ്‍ 30ന് അടപ്പുപാറ എല്‍.പി. സ്കൂളില്‍ നടക്കും. കക്കോട്ടുകുന്ന്, ചെട്ടിയകുന്ന്കയം, തോട്ടുംപുറം എന്നീ പ്രദേശങ്ങളിലുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം.
സൗജന്യമായി പ്രമേഹ, രക്തസമ്മര്‍ദ്ദം പരിശോധനയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് സഹായവും ലഭിക്കും. ഡോ. പത്മ കേസരി നയിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഇ.എന്‍.ടി, ഓര്‍ത്തോ, ഒഫ്താല്‍മോളജി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. സൗജന്യമായി മരുന്നുകള്‍ നല്‍കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പ്.
പകര്‍ച്ചവ്യാധികളും മഴജന്യ രോഗങ്ങളും മുന്‍കരുതലുകളും, ലഹരി ഉപയോഗത്തിന്റെ ദോഷങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടക്കും.
(പി.ആര്.പി 1732/2018)
- Log in to post comments