തുറവൂർ പൊക്കാളി കൃഷി; കളക്ടർ ഇടപെട്ടു, ഇന്ന് വൈകിട്ടോടെ പമ്പിങ് ആരംഭിക്കും
തുറവൂർ കരിനില വികസന ഏജൻസിയുടെ നേതൃത്വത്തിൽ പൊക്കാളി കൃഷിക്ക് നിലം ഒരുക്കുന്നതിനുവേണ്ടി പമ്പിങ് ആരംഭിക്കുന്നതിന് കെഎസ്ഇബി വൈദ്യുതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ജില്ലാ കളക്ടർ എസ്.സുഹാസ് ഇടപെട്ടതിനെത്തുടർന്ന് പരിഹാരം.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നേരത്തെലഭിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസറെ അന്വേഷിക്കാനായി നിയോഗിച്ചു. അന്വേഷണത്തിൽ കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ ജോലികൾ പൂർത്തിയാക്കാൻ രണ്ടാഴ്ച എടുക്കുമെന്നും അതിനുശേഷം മാത്രമേ വൈദ്യുതി നൽകാൻ കഴിയൂ എന്നും കളക്ടർക്ക് റിപ്പോർട്ട് ലഭിച്ചു. ഇതേത്തുടർന്ന് കലക്ടർ ഇന്നലെ കെഎസ്ഇബിയുടെയും കൃഷി ഓഫീസർമാരുടെയും തുറവൂർ നിലവികസന ഏജൻസിയുടെയും യോഗം അടിയന്തിരമായി ചേംബറിൽ വിളിച്ചുചേർക്കുകയായിരുന്നു. ഈ ആഴ്ചയിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിലവിലെ സീസണിൽ കൃഷി തുടങ്ങാൻ സാധിക്കില്ലെന്നും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് ഇന്ന്(ജൂൺ29) വൈകുന്നേരത്തിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശിക്കുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്ന മുറയ്ക്ക വൈകിട്ടുതന്നെ പമ്പിങ് ആരംഭിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. പാടശേഖരത്തിനുണ്ടായ നഷ്ടം സർക്കാരിനെ അറിയിക്കാൻ പ്രിൻസിപ്പൽ കൃഷിഓഫീസറെ ചുമതലപ്പെടുത്തി.
(പി.എൻ.എ. 1485/2018)
- Log in to post comments