മികവിന്റെ കേന്ദ്രമായി താഴേക്കോട് ജി.എം.എല്‍.പി സ്‌കൂള്‍; നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ ജി.എം.എല്‍.പി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകുന്നു. ഹൈടെക്ക് സംവിധാനത്തോടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വ്വഹിക്കും.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 1 കോടി രൂപയാണ് താഴേക്കോട് ജി.എം.എല്‍.പി സ്‌കൂളിന് അനുവദിച്ചത്. എം.പി ഫണ്ടും എംഎല്‍എ ഫണ്ടും പഞ്ചായത്ത് ഫണ്ടും കൂടാതെ നാട്ടുകാര്‍ കണ്ടെത്തിയ പണവും കൂടിയായതോടെയാണ് സ്‌കൂളില്‍ മികച്ച കെട്ടിടവും ഉയര്‍ന്ന പഠനാന്തരീക്ഷവും ഒരുങ്ങിയത്.
സ്‌കൂള്‍ ബസ് വാങ്ങാന്‍ എം.പി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. കെട്ടിട നവീകരണത്തിന് താഴേക്കോട് ഗ്രാമപഞ്ചായത്ത് 19 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതുകൂടാതെ ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് 3,50,000 രൂപയും സംരക്ഷണമതിലിന് നാല് ലക്ഷം രൂപയും പെയിന്റിങിന് 70000 രൂപയും പഞ്ചായത്ത് നല്‍കി.
പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സംഭാവനയായും സ്‌പോണ്‍സര്‍ഷിപ്പായും 13 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. പത്ത് മാസത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു.
ലാബ്, ലൈബ്രറി, ഡിസ്‌പ്ലേ ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ്, കുട്ടികളുടെ പുസ്തകവും ബാഗും വെക്കാനുളള റാക്കുകള്‍, എല്‍സിഡി സ്‌ക്രീന്‍, പ്രൊജക്ടര്‍, ലാപ്‌ടോപ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബഹുവര്‍ണ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചുമരുകളും ടൈല്‍ പാകിയ നിലവും സ്‌കൂള്‍ കെട്ടിടത്തെ മനോഹരമാക്കുന്നു. സീലിംഗ് ഫാന്‍, ലൈറ്റുകളുമെല്ലാം ക്ലാസ് മുറികളിലുണ്ട്.
കൊടിമരം, സ്റ്റേജ്, രണ്ട് പ്രവേശന കവാടം എന്നിവയുടെ നിര്‍മ്മാണവും ഈ മാസം തുടങ്ങും. കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ചിത്രരചന, പാട്ട്,നൃത്തം, സൈക്കിള്‍, ഫുട്‌ബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ചെസ്സ്, നീന്തല്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുളള ടാലന്റ് ലാബിന്റെ പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിക്കും.
ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 512ല്‍ നിന്ന് 657 ആയി വര്‍ധിച്ചതും ഡിവിഷനുകള്‍ കൂടിയതും അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
- Log in to post comments