Skip to main content

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെ കൈത്താങ്ങ്

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ കോഴിക്കോട് ജില്ലാഭരണകൂടവും പങ്കാളികളാകുന്നു. വെളളപ്പൊക്ക ബാധിത മേഖലകളില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്ന് (ജൂലായ് 26) മാനാഞ്ചിറ ഡി.ടി.പി.സി ഹാളില്‍ ഭക്ഷ്യസാധനങ്ങള്‍ സംഭാവനയായി സ്വീകരിക്കും. പണം സ്വീകരിക്കുന്നതല്ല. 
റവ, ആട്ട, അരിപൊടി, കുടിവെളളം, പാല്‍പൊടി, പാചക എണ്ണ, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് സ്വീകരിക്കുക. അസി.കലക്ടര്‍ എസ്.അഞ്ജു നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. ഇന്ന് (ജൂലായ് 26) രാത്രിയില്‍ തന്നെ രണ്ട് ലോറി നിറയെ ഭക്ഷ്യസാധനങ്ങള്‍ ദുരന്തബാധിത പ്രദേശത്ത് എത്തിക്കുകയാണ് ലക്ഷ്യം. സംഘടനകളും വ്യക്തികളും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9847736000. 
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി ജനില്‍കുമാര്‍, അസി.കലക്ടര്‍ എസ്.അഞ്ജു, തഹസില്‍ദാര്‍മാരായ കെ.കെ സുബ്രഹ്മണ്യന്‍, ഇ അനിതകുമാരി, ജില്ലാ സപ്ലൈ ഓഫീസര്‍ ടി മനോജ്കുമാര്‍, വിവിധ വ്യാപാര വ്യവസായ സംഘടനാ നേതാക്കളായ നിത്യാനന്ദ കമ്മത്ത്, എ. സന്തോഷ്, പി.വി നവീന്ദ്രന്‍, എ. ശ്യാംസുന്ദര്‍, പി.പി മുകുന്ദന്‍, ജിഗേഷ് എം, മുഹമ്മദ്, അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

date