Skip to main content

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്;  വെള്ളം വറ്റിക്കാനുള്ള നടപടി തുടങ്ങി

ആലപ്പുഴ: വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം താറുമറായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വെള്ളം വറ്റിക്കാനുള്ള നടപടി തുടങ്ങി. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന അടിയന്തിരയോഗമാണ് തീരുമാനമെടുത്തത്. ഇതിനായി എഴുകാട്,പടച്ചാൽ എന്നിവിടങ്ങളിലെ മട കുത്തും. അഗ്രിക്കൾച്ചർ എൻജിനീയറിങ് വിഭാഗമമാണ് മടകുത്തേണ്ടതെങ്കിലും അടിയന്തിര സ്വഭാവം പരിഗണിച്ച് രണ്ടിടത്തും മടകുത്താനുള്ള ചുമതല ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിക്കാൻ  മന്ത്രി നിർദ്ദേശം നൽകി. ഇതിനാവശ്യമായ തുക സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വേഗത്തിൽ റോഡ്  ഗതാഗതയോഗ്യമാക്കേണ്ടതിനാൽ മടകുത്താനുള്ള ചുമതല പാടശേഖരസമിതിക്ക് നൽകാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും പലകാര്യങ്ങളും ഏകപക്ഷീയമായി സർക്കാരിനെ ബോധ്യപ്പെടുത്താതെ ചെയ്യുന്നതുമൂലം കനത്ത നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. എ.സി.റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ കെ.എസ്.ടി.പി. തന്നെ നിർവഹിക്കണം. അടിയന്തരമായി എ.സി.റോഡിന്റെ സ്ഥിതി വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ അജിത്ത് പാട്ടിൽ എന്നിവർക്ക് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടർ എസ്.സുഹാസും യോഗത്തിൽ സംസാരിച്ചു.

                                        (പി.എൻ.എ. 1989/2018)

 

date