പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവുമായി ആരോഗ്യ വകുപ്പ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ - ബോധവത്കരണ നടപടികള്‍ ആരംഭിച്ചു എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ എല്ലാ കിണറുകളും ഒരാഴ്ചയ്ക്കകം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചുള്ള സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. സാധാരണ ക്ലോറിനേഷന് ഉപയോഗിക്കുന്നതിന്റെ ഇരട്ടി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചായിരിക്കും സൂപ്പര്‍ ക്ലോറിനേഷന്‍.
പേശീവേദനയോടു കൂടിയ പനി ബാധിച്ച എല്ലാവര്‍ക്കും എലിപ്പനിക്കെതിരെയുള്ള ഡോക്‌സി സൈക്ലിന്‍ ഉപയോഗിച്ചുള്ള ചികിത്സ നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളിലും ദുര്‍ബല വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും അഞ്ചു വയസുള്ള കുഞ്ഞുങ്ങളുള്ള എല്ലാ വീടുകളിലും വയറിളക്ക പാനീയ ചികിത്സയ്ക്കായി ഒ ആര്‍എസ് വിതരണം ചെയ്യും. എല്ലാ അങ്കണവാടികളിലും അശാ പ്രവര്‍ത്തകരുടെ പക്കലും ഓആര്‍ എസ് കരുതല്‍ശേഖരം ഉറപ്പാക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒരാഴ്ചക്കാലം കൊതുകിന്റെ ഉറവിട നിര്‍മ്മാര്‍ജ്ജനത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗ പ്രതിരോധ ബോധവത്കരണം നടത്തുകയും ശുചീകരണം ഉറപ്പാക്കുകയും ചെയ്യും. എല്ലവരും തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം വിദഗ്ധ ചികിത്സ നേടണം എന്നും ഡി എം ഒ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1575/18)
- Log in to post comments