ദുരിതം തീര്‍ന്നു, പാറമ്പുഴ പി.എച്ച്.സി തിരിച്ചുവരവിന്റെ പാതയില്‍
മഴക്കെടുതി ഏറ്റവും അധികം ദുരിതം വിതച്ച സ്ഥലങ്ങളില്‍ ഒന്നാണ് പാറാമ്പുഴയും പാറാമ്പുഴയിലെ പി.എച്ച്.സിയും. പി.എച്ച്.സി യില്‍ പൂര്‍ണ്ണമായും വെള്ളം കയറിയപ്പോള്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായത്താലാണ് ഇവിടെ നിന്ന് രോഗികളെ മാറ്റി പാര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ മഴക്കെടുതിയുടെ ദുരിതങ്ങള്‍ തീര്‍ന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പി.എച്ച്.സി. നാശം സംഭവിക്കാതെ ലഭിച്ച മരുന്നുകളുമായി ഒ.പിയുടെ പ്രവര്‍ത്തനം ചെറിയ രീതിയില്‍ ഇന്നു ( ജൂലൈ 26 ) മുതല്‍ ആരംഭിക്കും. പി. എച്ച്.സി യില്‍ ശുചീകരണ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ആഗസ്റ്റ് ഒന്നു മുതല്‍ വാക്‌സിനേഷന്‍ നല്‍കുന്ന നടപടികളും പുനരാരംഭിക്കും. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ തങ്കപ്പന്‍ പറഞ്ഞു. പാറാമ്പുഴ പി.എച്ച്.സിക്ക് വേണ്ട എല്ലാ സഹായങ്ങളും ഉടനെത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. നഷ്ടപ്പെട്ട മരുന്നുകളും ഉപകരണങ്ങളും എത്രയും വേഗം ആശുപത്രിയിലെത്തിക്കും. ഫ്രിഡ്ജും മറ്റ് ഇലട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നതിന് റെഫ്രിജറേഷന്‍ മെക്കാനിക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാമഗ്രികള്‍ കെ.എം.സി.എലില്‍ നിന്ന് വാങ്ങുന്നതിന് നടപടി സ്വീകരിക്കും.
(കെ.ഐ.ഒ.പി.ആര്‍-1577/18)
- Log in to post comments