Skip to main content

ദുരിത മുഖത്ത് കൈത്താങ്ങായി എന്‍.എസ്.എസ്

 

മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയ അന്തേവാസികള്‍ക്ക് കൈത്താങ്ങായി ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ രംഗത്തെത്തിയത്. കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നു ശേഖരിക്കുന്ന വസ്ത്രങ്ങളാണ് ഇവര്‍ വഴി ക്യാമ്പിലെത്തുന്നത്. മഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയായിരുന്നെങ്കില്‍ പോലും വോളണ്ടിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു. അമലഗിരി ബി.കെ, ഏറ്റുമാനൂരപ്പന്‍ കോളേജ്, എസ്.വി.ആര്‍. വാഴൂര്‍, പാലാ അല്‍ഫോണ്‍സ, പാമ്പാടി ആര്‍.ഐ.ടി, കുറവിലങ്ങാട് ദേവമാതാ, സെന്റ് ഗിറ്റ്‌സ്, ബി.സി.എം. കോളേജ്, നാട്ടകം ഗവണ്‍മെന്റ് കോളേജ്, പാല സെന്‍്റ തോമസ് തുടങ്ങിയ കോളേജുകളിലെ എന്‍.എസ്. എസ്. വോളണ്ടിയര്‍മാരാണ് ക്യാമ്പുകളിലേക്കു ആവശ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ചത്. വസ്ത്രങ്ങള്‍ക്കു പുറമേ വിദ്യാര്‍ത്ഥികളില്‍ നിന്നു ശേഖരിച്ച ഭക്ഷണപൊതികളും ക്യാമ്പുകളില്‍ കൈമാറി. ക്യാമ്പുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും വോളണ്ടിയര്‍മാര്‍ പങ്കു ചേര്‍ന്നു. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പുതപ്പ്, കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കു പുറമേ ക്യാമ്പിലെ ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്ക് കൂട്ടിരിക്കാനും വോളണ്ടിയര്‍മാര്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ സൗഹൃദ മനോഭാവം ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്നു ക്യാമ്പ് അന്തേവാസികള്‍ പറഞ്ഞു. 

date