Skip to main content
നടമ വില്ലേജ് ഓഫീസില്‍ നടന്ന പരിഹാരം ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പരാതി സ്വീകരിക്കുന്നു

പരാതികള്‍ക്ക് പരിഹാരവുമായി കണയന്നൂരില്‍ പരിഹാരം 2018 പരിഗണിച്ചത്   127 പരാതികള്‍; സര്‍വേ സംബന്ധിച്ച 153 പരാതികള്‍ക്ക് പരിഹാരം

 

 

കൊച്ചി: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടമ വില്ലേജ് ഓഫീസില്‍ നടന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി - പരിഹാരം 2018 - ല്‍ പരിഗണിച്ചത് 127  പരാതികള്‍. കണയന്നൂര്‍ താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്. 

താലൂക്കിലെ റീസര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പ്രതേ്യകമായി പരിഗണിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച ഫയലുകളില്‍ കഴിഞ്ഞ രണ്ടു മാസമായി ദ്രുതഗതിയില്‍ നടപടികളെടുത്തിരുന്നു. കഴിഞ്ഞമാസം തീര്‍പ്പായ റീസര്‍വേ സംബന്ധിച്ച 153 ഫയലുകളിലെ ഉത്തരവ് പരാതിക്കാര്‍ക്ക് പരിഹാരത്തോടനുബന്ധിച്ച് വിതരണം ചെയ്തു.

സര്‍വേ നമ്പറിലെ തെറ്റ്, ഭൂമിയുടെ ഉടമസ്ഥന്റെ പേര് വ്യത്യാസം, വിസ്തീര്‍ണ വ്യത്യാസം, ഭൂമി ഇനം മാറ്റം, പോക്കുവരവ് ചെയ്യാനുള്ള തടസ്സം തുടങ്ങി ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹാരത്തില്‍ ഒട്ടേറെ പേര്‍ ഉന്നയിച്ചു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭൂമിയും ഭവനവും അനുവദിക്കാനും നിവേദനവുമായി വന്നവരും ഉണ്ടായിരുന്നു. പെന്‍ഷന്‍ അനുവദിക്കല്‍, വായ്പ തിരിച്ചടവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പരിഹാരത്തില്‍ ഉന്നയിക്കപ്പെട്ടു.

സര്‍വേ സംബന്ധിച്ച പരാതികള്‍ നവംബറോടെ തീര്‍പ്പാക്കും: സര്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതലെന്ന് പരിഹാരം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍വേ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പ്രതേ്യക ശ്രദ്ധ ചെലുത്തും. താലൂക്കിലെ വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ഫയല്‍ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കും. സര്‍വേ സംബന്ധിച്ച ജില്ലയിലെ പരാതികളെല്ലാം നവംബറോടെ തീര്‍പ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തികസഹായത്തിനായുള്ള അപേക്ഷ സ്വീകരിക്കാനും ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനുമായി പ്രതേ്യകം കൗണ്ടറുകള്‍ പരിഹാരം വേദിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

 

 ആര്‍ഡിഒ എസ് ഷാജഹാന്‍, എഡിഎം എംകെ  കബീര്‍, ഭൂരേഖ ഡെപ്യൂട്ടി കളക്ടര്‍ കെ ചന്ദ്രശേഖരന്‍ നായര്‍, തഹസീല്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി, ഭൂരേഖ തഹസില്‍ദാര്‍ പി ആര്‍ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

 

 

 

 

 

 

റീസര്‍വെ, കിടപ്പാടം: പരാതികളില്‍ ഉടന്‍ നടപടിയുമായി ജില്ലാ ഭരണകൂടം

 

ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളിലുള്ള പരാതികള്‍, വീടുനിര്‍മാണത്തിനായുള്ള അപേക്ഷകള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം വേദിയില്‍ തീരുമാനമായത്. 

ഇടപ്പള്ളി സൗത്ത് വില്ലേജ് മാമംഗലത്തെ സി വി ശാരദയുടെ അപേക്ഷയുമായി ഭര്‍ത്താവ് ഭൂപേഷ് നാഥ് വന്നത് പോക്കുവരവ് സംബന്ധിച്ച പരാതിയുമായാണ്. ശാരദയുടെ അച്ഛന്‍ സി കെ വാസുവില്‍ നിന്ന് ലഭിച്ച ഭൂമി പോക്കുവരവ് ചെയ്യാനനുമതി വേണമെന്നായിരുന്നു അപേക്ഷ. മകള്‍ക്ക് വീട് വയ്ക്കാനായി ഭൂമിയുടെ പോക്കുവരവ് നടത്തി തരണമെന്ന അപേക്ഷ ജില്ലാ കളക്ടര്‍ പരിഗണിക്കുകയും ഉടന്‍ നടപടി സ്വീകരിക്കാന്‍ ഉദേ്യാഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

 

റീസര്‍വേ സംബന്ധിച്ച പരാതിയുമായാണ് നടമ വില്ലേജിലെ കെ എം ബാലചന്ദ്രന്‍ എത്തിയത്. 6.8 സെന്റുള്ള തന്റെ ഭൂമി റിസര്‍വെയില്‍ 4.7 എന്നാണ് കാണിച്ചിരിക്കുന്നത്. ഇതു തിരുത്തിക്കിട്ടണമെന്നായിരുന്നു ബാലചന്ദ്രന്റെ അപേക്ഷ. 2014-ല്‍ നല്കിയ അപേക്ഷയില്‍ ഇനിയും തീര്‍പ്പായിട്ടില്ലെന്നും ബാലചന്ദ്രന്‍ അറിയിച്ചു. റെക്കോര്‍ഡുകള്‍ പരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

 

ഭിന്നശേഷിക്കാരനായ, തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന ഉണ്ണി പരിഹാരത്തിനെത്തിയത് തനിക്ക് കിടപ്പാടം അനുവദിക്കണമെന്ന അപേക്ഷയുമായാണ്. 1998-ല്‍ മൂന്നു സെന്റു ഭൂമി ആമ്പല്ലൂരില്‍ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാകളക്ടര്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.

 

റീസര്‍വെ സംബന്ധിച്ച് കാലങ്ങളായി കെട്ടിക്കിടന്ന അപേക്ഷകളിന്‍മേലുള്ള ഉത്തരവ് 153 പേര്‍ക്ക് പരിഹാരത്തോടനുബന്ധിച്ച് വിതരണം ചെയ്തു. നടമ വില്ലേജിലെ ഗൗതമി 2016- ല്‍ നല്കിയ  റിസര്‍വേയെക്കുറിച്ചുള്ള പരാതിയിലുള്ള ഉത്തരവും ഇതിലുള്‍പ്പെടുന്നു. 1.93 ആര്‍ ഭൂമി കൈവശമുണ്ടെങ്കിലും 1.82 ആര്‍ എന്നാണ് റീസര്‍വെയില്‍ നല്കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി തിരുത്തി നല്കണമെന്ന ഗൗതമിയുടെ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും തിരുത്തി നല്കുകയും ചെയ്തു.

കുമ്പളം വില്ലേജിലെ ജയിംസ് 2017 ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയിന്‍മേലുള്ള ഉത്തരവും പരിഹാരം വേദിയില്‍ വച്ച് ജില്ലാ കളക്ടര്‍ കൈമാറി. തന്റെ ഭൂമി വില്ലേജ് റെക്കോര്‍ഡുകളില്‍ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നായിരുന്നു പരാതി. പരിശോധനയ്ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ഭൂമി ജയിംസിന്റെ പേരിലാക്കി ഉത്തരവിട്ടു. ഈ ഉത്തരവ് ജില്ലാ കളക്ടര്‍ ജെയിംസിന് കൈമാറി. 

date