പട്ടികജാതി വികസനം: ദേവികുളത്ത് 128 പേർക്ക് വിവാഹ ധനസഹായം നൽകി
വിവാഹ ചടങ്ങുകൾ നടത്താൻ സാമ്പത്തികമായി ബുന്ധിമുട്ടനുഭവിക്കുന്ന പിന്നോക്ക വിഭാഗക്കാർക്ക് കൈതാങ്ങായി സംസ്ഥാന സർക്കാർ. പട്ടികജാതി വിഭാഗത്തിലുള്ള പെൺകുട്ടികളുടെ വിവാഹം നടത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പ് മുഖേന കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകി വരുന്നത്. 2017 - 18 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ ദേവികുളം ബ്ലോക്കിൽ 128 പേർക്കാണ് വിവാഹ ധനസഹായം നൽകിയത്. 128 പേർക്കായി 70,75,000 രൂപ ധനസഹായമായി വിതരണം ചെയ്തു. വിവാഹം നടന്ന് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകുന്ന കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. വിവാഹം പഞ്ചായത്തിൽ രജിസറ്റർ ചെയ്ത് ഒരു വർഷത്തിനകം പെൺകുട്ടിയുടെ പിതാവിന് സാമ്പത്തിക ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കാം. പെൺകുട്ടിയുടെ പിതാവ് മരണപ്പെട്ടാൽ വിവാഹശേഷം പെൺകുട്ടിക്ക് നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഓരോ കുടുംബത്തിനും 75000 രൂപവീതമാണ് സാമ്പത്തിക സഹായമായി ലഭിക്കുന്നത്. മുമ്പ് ഇത് 50,000 രൂപയായിരുന്നു. വിവാഹചടങ്ങുകൾക്ക് ഓരോ കുടുംബവും ചിലവഴിക്കുന്ന തുകയുടെ മാനദണ്ഡമനുസരിച്ചാണ് സാമ്പത്തിക സഹായം ലഭിക്കുക.
കഴിഞ്ഞ സാമ്പത്തിവർഷത്തിൽ ചിന്നക്കനാലിൽ 7 ഉം ദേവികുളം, കാന്തല്ലൂർ പഞ്ചായത്തുകളിൽ 11 പേർക്ക് വീതവും, മാങ്കുളത്ത് 2 പേർക്കും ,മൂന്നാറിൽ 75 പേർക്കും ശാന്തൻപാറ, വട്ടവട പഞ്ചായത്തുകളിൽ 4 പേർക്കു വീതവുമാണ് ധനസഹായം നൽകിയത്. മിശ്രവിവാഹത്തിനു ശേഷം ഇരുകുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പുതിയ ജീവിതം തുടങ്ങേണ്ടി വരുന്ന ദമ്പതികൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ ദേവികുളം ബ്ലോക്കിൽ അഞ്ചുകുടുംബങ്ങൾക്കാണ് മിശ്രവിവാഹ ധനസഹായം വിതരണം ചെയ്തത്. മാങ്കുളം, ശാന്തൻപാറ പഞ്ചായത്തുകളിൽ 2 വീതവും ദേവികുളം പഞ്ചായത്തിൽ ഒരു കുടുംബത്തിനും ധനസഹായം നൽകി. ആകെ മൂന്നുലക്ഷം രൂപ ഇപ്രകാരം വിതരണം ചെയ്തു. മിശ്രവിവാഹിതരായ ദമ്പതികൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായമെന്ന നിലയിലാണ് ഈ തുക നൽകുന്നത്.. വിവാഹം രജിസ്റ്റർ ചെയ്തതിനുശേഷം ഉപജീവനമാർഗത്തിനുള്ള വിവിധ പ്രോജക്ട് റിപ്പോർട്ടുകൾ സമർപ്പിക്കുന്നവർക്ക് 75,000 രൂപവീതം സർക്കാർ ധനസഹായമായി നൽകി വരുന്നു. കാലിവളർത്തൽ, ചെറുകിട വ്യവസായ സംരഭങ്ങൾ, കുടുംബപശ്ചാത്തലത്തിൽതന്നെ ചെയ്യാവുന്ന തൊഴിലധിഷ്ഠിത സംരഭങ്ങൾ, കൂൺകൃഷി തുടങ്ങിയവയ്ക്കാണ് ഇത്തരത്തിൽ സഹായങ്ങൾ നൽകി വരുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി ജീവിത വിജയംനേടാനുള്ള അവസരമാണ് മിശ്ര വിവാഹിതരായ ദമ്പതികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ദേവികുളം പട്ടികജാതി വികസന ഓഫീസർ പ്രദീപ്കുമാർ എസിന്റെ നേതൃത്വത്തിലാണ് ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വിവിധ പദ്ധതികൾ പൂർത്തിയാക്കി വരുന്നത്.
- Log in to post comments