സ്കൂള്‍ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞ് വിതരണം നടത്തി
മൃഗസംരക്ഷണ വകുപ്പിന്റെ സ്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയുടെ ഭാഗമായി പെരുമ്പഴുതൂര്‍ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നെയ്യാറ്റിന്‍കര ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്. ഹീബ ഉദ്ഘാടനം ചെയ്തു.
പെരുമ്പഴുതൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂള്, നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍സെക്കഡറി സ്കൂള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത 100 വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കുട്ടികളില്‍ മൃഗസംരക്ഷണ മേഖലയോട് അഭിരുചിയുണ്ടാക്കുക, സഹജീവികളോട് അനുകമ്പ വളര്‍ത്തിയെടുക്കുക, പോഷകമൂല്യമുള്ള കോഴിമുട്ട ലഭ്യമാക്കുക, സമ്പാദ്യ ശീലം വളര്‍ത്തുക എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത് .
45 മുതല്‍ 60 ദിവസം വരെ പ്രായമുള്ള അഞ്ച് കോഴിക്കുഞ്ഞുങ്ങളെ ഒരോ വിദ്യാര്‍ത്ഥിക്കും നല്കി. ഇതോടൊപ്പം ഒരു മാസത്തെ കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള വൈറ്റമിന്‍ മരുന്നും ഇതോടൊപ്പം നല്കി.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ.കെ ഷിബു അദ്ധ്യക്ഷനായ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ. അനിതകുമാരി, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അനില്‍കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. ഷക്കീലാ ബീവി എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്ജന് ഡോ. ആര്. രഞ്ജിത്ത് ആര് പദ്ധതി വിശദീകരണം നടത്തി.
(പി.ആര്.പി. 1973/2018)
- Log in to post comments