പരിക്ക് മറന്ന് വിശാല്‍ ഓടി; നേടിയത് സ്വര്‍ണം
ആലപ്പുഴ: കൈയ്യിലെ പരിക്ക് വകവെക്കാതെ വിശാല്‍ ഓടി. ഒന്നാമനായി, സ്വര്‍ണവും നേടി. കലവൂര്‍ എല്‍.എസ്.എച്ച്. ഗ്രൗണ്ടില്‍ നടക്കുന്ന ജില്ല കേരളോത്സവത്തിലെ കായികമത്സരത്തില്‍ പുരുഷ വിഭാഗം 400 മീറ്റര്‍ ഓട്ടത്തിലാണ് പട്ടണക്കാട് ബ്ലോക്കിനെ പ്രതിനിധീകരിച്ചു മത്സരിച്ച വിശാല്‍ കൃഷ്ണ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രിക്കറ്റ് പരിശീലനത്തിനിടെയാണ് തുറവൂര്‍ നെടുമ്പള്ളില്‍ വീട്ടില്‍ വിശാലിന് വലതു കൈയ്ക്ക് ഒടിവ് സംഭവിച്ചത്. 100 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയ വിശാല്‍ 400 മീറ്റര്‍ റിലെയിലും പങ്കെടുത്തു.
സ്‌കൂള്‍ തലം മുതല്‍ വിവിധ അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ചേര്‍ത്തല എന്‍.എസ്.എസ്. കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ വിശാല്‍. കഴിഞ്ഞ സംസ്ഥാന കായിക മേളയില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തിട്ടുണ്ട്. കായികാധ്യാപകന്‍ തിലകന്റെ നേതൃത്വത്തിലാണ് പരിശീലനം.
- Log in to post comments