Skip to main content

പഠനമുറിയുടെ ബാക്കി തുക ലഭിക്കാന്‍ നടപടി; ആശ്വാസത്തില്‍ സാബുവും കുടുംബവും

ആലപ്പുഴ: പഠനമുറിക്കായി അനുവദിച്ച ബാക്കി തുക അനുവദിക്കണമെന്ന പരാതിയില്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ അനുകൂല നടപടി. തിരുനല്ലൂര്‍ സ്വദേശി സാബുവും ഭാര്യ രമയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിനാണ് നടപടി ആശ്വാസമായത്. 

പള്ളിപ്പുറം പഞ്ചായത്ത് 2021- 22 സാമ്പത്തിക വര്‍ഷത്തിലെ പഠനമുറി നിര്‍മ്മാണ പട്ടികയില്‍ രമയും ഉള്‍പ്പെട്ടിരുന്നു. രണ്ട് ലക്ഷം രൂപയാണ് പഠനമുറി നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്. 2022 മാര്‍ച്ചിന് മുന്‍പായി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അവസാന ഗഡുവായ അമ്പതിനായിരം രൂപയില്‍ 25000 രൂപ മാത്രമാണ് അനുവദിച്ചത്. ബാക്കി തുക ലഭിക്കാനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് സാബു  ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ അപേക്ഷയുമായി എത്തിയത്. പരാതി പരിശോധിച്ച് എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

date