പണിമുടക്ക് ഒത്തുതീര്‍ന്നു
കണ്ണൂര്‍ തോട്ടടയിലുള്ള അമ്പാടി എന്റര്‍പ്രൈസസിലെ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) എസ് തുളസീധരന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. നിലവില്‍ ഫാക്ടറിയില്‍ ജോലി കൂടുതലുള്ള വിഭാഗങ്ങളില്‍ ആഴ്ചയില്‍ 6 ദിവസവും മറ്റ് വിഭാഗങ്ങളില്‍ 5 ദിവസവും തൊഴില്‍ നല്‍കാമെന്ന് ഉടമകള്‍ സമ്മതിച്ചു. സ്ഥാപനത്തിലെ തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പിന്നീട് ചര്‍ച്ച ചെയ്യാനും തീരുമാനമായി. തൊഴിലാളികള്‍ ഇന്ന്(ആഗസ്ത് 9) മുതല്‍ ജോലിയില്‍ പ്രവേശിക്കും. ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍ ടിവി, തൊഴിലുടമ പ്രതിനിധികളായ വിശ്വനാഥ് ഷേണായി, ഹരികുമാര്‍, സി ഗോപാലകൃഷ്ണന്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനധീകരിച്ച് കെ വി കുമാരന്‍, പി ശശീന്ദ്രന്‍, എന്‍ പി രാജന്‍, എന്‍ രാഗേഷ് എന്നിവരും പങ്കെടുത്തു.
- Log in to post comments