Skip to main content

കുട്ടനാടിന്റെ ദുരിതവും കായിക കരുത്തിന്റെ നേർക്കാഴ്ചയുമായി തുഴത്താളത്തിന് തുടക്കമായി

ആലപ്പുഴ: അമ്പതുവർഷത്തിനുശേഷം നടക്കാവുന്ന ദുരന്തം മുൻകൂട്ടി കണ്ട് ഇപ്പോഴേ പ്രതിരോധത്തിന് ആസൂത്രണം  കുറിക്കണമെന്നും ഇതിനായി ഭരണാധികാരികൾ ശാസ്ത്രജ്ഞരുമായി നിരന്തരം സംവദിക്കണമെന്നും പി,സി,ജോർജ് എം.എൽ.എ. അഭിപ്രായപ്പെട്ടു. 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി  ആലപ്പുഴ പ്രസ് ക്ലബ് പ്രചരണസമതിയുടെ സഹകരണത്തോടെ ലളിതകല അക്കാദമി ആർ്ട് ഗാലറിയിൽ തുടങ്ങിയ തുഴത്താളം 2018 ചിത്രപ്രദർശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദുരന്തങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. അതോടൊപ്പം അതിനുള്ള മുൻകരുതലും. ഏറെക്കാലമായി  നമ്മുടെ ഭരണസംവിധാനം ശാസ്ത്രലോകവും ഇത്തരമൊരു കാര്യത്തിൽ വേണ്ടത്ര ചർച്ച നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാണ് പലപ്പോഴും ദുരന്തങ്ങൾക്കു മുമ്പിൽ നാം പകച്ചുപോകുന്നത്. ഇനിയതുണ്ടാകരുത്. ഇപ്പോഴുണ്ടായത് മഹാദുരന്തമാണെന്നും ആരോഗ്യവകുപ്പ് ഉഉൾപ്പടെയുള്ള സംവിധാനങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു. 

ദുരന്തമായാലും മറ്റെന്തായാലും ഏറ്റവും കൃത്യതയോടെ സത്യം ജനങ്ങളിലേക്കെത്തിക്കുന്നത് ഫോട്ടോഗ്രാഫർമാരാണ്. ഏതു സാഹചര്യത്തിലായാലും അവരുടെ പ്രവർത്തന മികവാണ് അതിന്റെ ആധാരം. വരുംകാലത്തേക്കുള്ള ഇന്നിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ചിത്രവുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്.ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രചരണസമതി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല മുഖ്യാതിഥിയായി. പ്രസ്‌ക്ലബ് സെക്രട്ടറി ജി.ഹരികൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽ പല്ലന നന്ദിയും പറഞ്ഞു. മാധ്യമപ്രവർത്തകർ, പ്രചരണസമതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  

കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളുടെയും വള്ളംകളിയുടെ മാസ്മരിക നിമിഷങ്ങളുടെയും നേർക്കാഴ്ചയാണ് തുഴത്താളം. ഒരു ഭാഗത്ത് ലോകത്തിലെ തന്നെ അപൂർവമായ ജലമാമാങ്കത്തിന്റെ സുന്ദര നിമിഷങ്ങളും മറുഭാഗത്ത് അപ്പർ കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങളിലുണ്ടായ മഹാമാരി വിതച്ച ദുരിതക്കാഴ്ചയും കാണികൾക്കായി പങ്കുവയ്ക്കുകയാണിവിടെ. 11വരെ നിത്യവും രാവിലെ 10 മുതൽ വൈകീട്ട് ആറരവരെയാണ് ഗാലറി പ്രവർത്തന സമയം.

 

(പി.എൻ.എ. 2233/2018)

date