വാർഷിക പദ്ധതി നിർവഹണത്തിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ രണ്ടാമത്
കോട്ടയം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണത്തിനായി ലഭ്യമായ തുകയുടെ 88.05 ശതമാനം ചെലവഴിച്ച് കോട്ടയം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്ത്.
ലഭ്യമായ 38184.54 ലക്ഷം രൂപയിൽ 33623.15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കാണക്കാരി (117.39%), വാഴൂർ (109.45%), പാമ്പാടി (108.42%), ചിറക്കടവ് (107.29%), ഉഴവൂർ (104.30%), വിജയപുരം (101.69%), കടുത്തുരുത്തി (101.69%), കുറിച്ചി (100.76%), കങ്ങഴ (100.54%), റ്റി.വി. പുരം (100.54%), തിടനാട് (100.29%), കല്ലറ (100.21%), വെളിയന്നൂർ (100.09) എന്നീ ഗ്രാമപഞ്ചായത്തുകളും പാലാ നഗരസഭയും (102.81), മാടപ്പളളി (100.22) ബ്ലോക്ക് പഞ്ചായത്തും 100% ഫണ്ട് ചെലവഴിച്ച് ജില്ലയ്ക്ക് അഭിമാനമായി.
ഗ്രാമപഞ്ചായത്തുകൾക്ക് ലഭിച്ച 22,274.16 ലക്ഷം രൂപയിൽ 17765.58 (91.60%) രൂപയും ബ്ലോക്ക് പഞ്ചായത്തുകളുടെ 5248.17 ലക്ഷം രൂപയിൽ 4071.20 (92.07%) രൂപയും നഗരസഭകളുടെ 5420.10 ലക്ഷം രൂപയിൽ 3376.34.59 (89.97%) രൂപയും ജില്ലാ പഞ്ചായത്തിന്റെ 5242.11 ലക്ഷം രൂപയിൽ 3085.83 (67%) രൂപയും ചെലവഴിച്ചു.
സംസ്ഥാന തലത്തിൽ ഗ്രാമപഞ്ചായത്തുകളിൽ കാണക്കാരി രണ്ടും വാഴൂർ പതിമൂന്നും നഗരസഭകളിൽ പാലാ മൂന്നും ഏറ്റുമാനൂർ പതിനൊന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ മാടപ്പളളി ഒൻപതും ളാലം പന്ത്രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫണ്ട് ചെലവഴിക്കുന്നതിൽ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ഗ്രാമപഞ്ചായത്തുകൾ നാലാം സ്ഥാനവും നേടി.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ച പരിശ്രമത്തിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയുമായ കെ.വി. ബിന്ദുവും ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ഡോ. പി.കെ. ജയശ്രീയും അഭിപ്രായപ്പെട്ടു.
ജില്ലയിൽ ഈ വർഷം ഏറ്റെടുത്ത് നടപ്പിലാക്കിയ സംയുക്ത പദ്ധതികളായ സ്മൈൽ പ്ലീസ്, കെ.എ.എസ്സ്/പി.എസ്.സി പരിശീലനം, ക്യാൻ കോട്ടയം, ഇല്ലം നിറ വല്ല നിറ പദ്ധതികൾ ഏറെ വിജയം കണ്ടു. കൂട്ടികളുടെ സമഗ്ര ദന്തപരിചരണത്തിനായി സ്മൈൽ പ്ലീസ് എന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് കോട്ടയം ജില്ലയാണ്.
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കെ.എ.എസ്സ്/പി.എസ്.സി പരിശീലനം തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുകയുണ്ടായി. ക്യാൻ കോട്ടയം എന്ന പദ്ധതി സമഗ്ര കാൻസർ രോഗ നിർണ്ണയത്തിനും ഇല്ലം നിറ വല്ലം നിറ എന്ന പദ്ധതി ജില്ലയിലെ കൃഷി സംബന്ധമായ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ട്
- Log in to post comments