ജില്ലയിലെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
ജില്ലയിലെ വിവിധ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജില്ലാതല പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലിന്റെയും ജെ ചിഞ്ചുറാണിയുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
ടൂറിസം, ഐ റ്റി, ആശുപത്രികള്‍, പ്രധാന റോഡുകള്‍, സ്റ്റേഡിയം, തുറമുഖം, പാലങ്ങള്‍ ഉള്‍പ്പടെയുള്ള പദ്ധതികളുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ പരിഹരിക്കണം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കണം. ഓരോ മണ്ഡലത്തിലെയും പദ്ധതികള്‍ എം എല്‍ എമാരുടെ സാന്നിധ്യത്തില്‍ അവലോകനം ചെയ്തു. മുടങ്ങി കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
എം.എല്‍.എമാരായ എം മുകേഷ്, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, പി എസ് സുപാല്‍, സി ആര് മഹേഷ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, എ ഡി എം ആര് ബീനാറാണി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments