2020ൽ എല്ലാവർക്കും 10-ാംതരം തുല്യത ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ: സമ്പൂർണ്ണ സാക്ഷരത എന്ന സ്വപ്നത്തിൽ നിന്ന് പരിപൂർണ്ണ സാക്ഷരതയിലേക്കുള്ള ചുവടുവയ്പിലാണ് ജില്ലയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ. 2020ൽ മുഴുവനാളുകളേയും പത്താംതരം തുല്യത പാസാക്കാനും 22ൽ പ്ലസ്ടൂ യോഗ്യത കൈവരിക്കുകയാണ് ജില്ല സാക്ഷരത മിഷൻ ലക്ഷ്യമെന്ന് ജില്ല മിഷൻ അധ്യക്ഷനായ അദ്ദേഹം പറഞ്ഞു. 10-ാം തരം, ഹയർ സെക്കൻഡറി തുല്യത ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനവും ചരിത്രരേഖ സർവെ റിപ്പോർട്ട് പ്രകാശനവും നിർവഹിക്കുകയായിരുന്നു വേണുഗോപാൽ.
പൊതുവിദ്യാഭ്യാസമഖേലയിലും സാക്ഷരത പ്രവർത്തനത്തിലും നമ്മുടെ മാതൃക മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്നത് സാക്ഷരത പ്രവർത്തകർക്ക് അഭിമാനം നൽകുന്നതാണ്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലായി പഠനം ഇടയ്ക്ക് നിർത്തേണ്ടി വന്നവർ നിരാശരാകേണ്ടതില്ല. അവർക്കുള്ള അവസരമാണ് സാക്ഷരത മിഷൻ ഇപ്പോൾ ഒരുക്കുന്നത്. ഇത്തരത്തിലുള്ളവരെ കണ്ടെത്തി ഈ വലിയ യജ്ഞത്തിൽ അവരെ കൂടി പങ്കാളികളാക്കാനും സാക്ഷരതപ്രേരകർ ശ്രദ്ധിക്കണം. ഇതോടൊപ്പം സാമൂഹ്യഇടപെടലുകളിലൂടെ മികച്ച മനുഷ്യരായി വളർത്താനും ബാധ്യതയുണ്ടെന്ന് ജി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
അവസരം നഷ്ടപ്പെട്ടവരെ കണ്ടെത്തി അനൗപചാരിക വിദ്യാഭ്യസമേഖലയിലേക്ക് അവരെ എത്തിക്കുകയെന്ന മനുഷ്യത്വപരവും മനുഷ്യാവകാശപരവുമായ ദൗത്യമാണ് സാക്ഷരത പ്രേരക്മാരുടേതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ഈ ഉത്തരവാദിത്തം വേണ്ടവിധം വിനിയോഗിച്ചിട്ടുണ്ടോയെന്നു സംശയമാണ്. 98ൽ തുടങ്ങിയ പത്താംതരം തുല്യത രജിസ്ട്രേഷന്റെ കലോചിത പരിഷ്കരണമാണ് ഓൺലൈൻ രജിസ്ട്രേഷനെന്നും ശ്രീകല പറഞ്ഞു.
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമതി ചെയർമാൻ അഡ്വ.കെ.ടി. മാത്യുചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല പ്രസംഗിച്ചു. ജില്ല കോ-ഓർഡിനേറ്റർ എസ്.പി. ഹരിഹരൻ ഉണ്ണിത്താൻ സ്വാഗതവും അസി.കോ-ഓർഡിനേറ്റർ കെ.എം.സുബൈദ നന്ദിയും പറഞ്ഞു.
ജില്ലയെ സമ്പൂർണ്ണ പത്താംതരം, ഹയർ സെക്കൻഡറി തുല്യത കൈവരിച്ച ജില്ലയായി മാറ്റുന്നതിന്റെ മുന്നൊരുക്കമായി ജനകീയ പങ്കാളിത്തത്തോടയാണ് രജിസ്ട്രേഷൻ കാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇതിനായി 10 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് തുല്യത രജിസ്ട്രേഷനായി പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ 90 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഈ വർഷം പദ്ധതിയിൽ തുക വകയിരുത്തിട്ടുണ്ട്. ജില്ലയിൽ ഈ വർഷം 10,000 പേരെയാണ് ഓരോ തുല്യത കോഴ്സിനും രജിസ്ട്രേഷൻ ചെയ്യുന്നതിന് ലക്ഷ്യം.
സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം പരീക്ഷയിൽ 1762 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് ജില്ലയിലെ ചേപ്പാട് പഞ്ചായത്തിലെ കാർത്ത്യായനി അമ്മ (96 വയസ്) പരീക്ഷ എഴുതിയത് സാക്ഷരത പ്രവർത്തകർക്ക് അഭിമാനിക്കാൻ വകനൽകുന്നതാണ്.
(പി.എൻ.എ 2258/2018)
മാന്നാർ പൈതൃക ഗ്രാമം :
ആലോചന യോഗം
ആലപ്പുഴ: മാന്നാർ പൈതൃകഗ്രാമമാക്കുന്നതിന്റെ പ്രോജക്ട് തയ്യാറാക്കാൻ ആലോചനായോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ അധ്യക്ഷനായി. സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ, മാർക്കറ്റിംഗ് മാനേജർ മോഹൻദാസ്, മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, മാന്നാറിലെ പരമ്പരാഗതതൊഴിൽമേഖലയിലെ വിദഗ്ദ്ധർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.എൻ.എ 2259/2018)
ആറു മാസത്തിനകം ചെങ്ങന്നൂർ മാലിന്യ മുക്തമാകും:
സീറോ വെയ്സ്റ്റ് പദ്ധതിക്ക് തുടക്കം
.
ആലപ്പുഴ: ആറു മാസത്തിനകം ചെങ്ങന്നൂരിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാൻ സീറോ വെയ്സ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും ശില്പശാലയിലാണ് തീരുമാനം. ചെങ്ങന്നൂർ നഗരം ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ മാർഗങ്ങളും ശില്പശാലയിൽ അവതരിപ്പിച്ചു.
ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, കില, തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥർ പെരുങ്കുളം പാടം, നഗരസഭാ കാര്യാലയ പരിസരം, ശാസ്താംപുറം ചന്ത എന്നിവിടങ്ങളിലും മാലിന്യം വ്യാപകമായി തള്ളുന്ന കേന്ദ്രങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് അവതരിപ്പിച്ചത് .ചെങ്ങന്നൂർ നഗരത്തിൽ മാത്രമായി പ്രതിദിനം എട്ടുടൺ മാലിന്യവും, താലൂക്കാകെ 22 ടൺ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജല-വായു മലിനീകരണം നേരിടുന്ന പെരുങ്കുളം പാടത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിർത്തലാക്കും. മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്നതിന് ബോധവത്കരണം നടത്തും. വീടുകളിലെത്തി മാലിന്യം ശേഖരിക്കാനും സംസ്കരണ കേന്ദ്രത്തിലെത്തിക്കുന്നതിനും ക്രമീകരണമുണ്ടാക്കും. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 50 എയ്റോബിക് യൂണിറ്റുകൾ സ്ഥാപിക്കും. തുടർന്ന് പഞ്ചായത്തുകളിലും ഇവ സ്ഥാപിക്കും. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രത്യേകം വേർതിരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങളിൽ ചിലത്.
പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിനായി കുടുംബശ്രീ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, യുവജന ,സന്നദ്ധ സംഘടനകൾ എന്നിവരെ സജ്ജരാക്കും.സെപ്റ്റംബർ 15 മുതൽ ബോധവത്കരണ പ്രചരണം തുടങ്ങും. പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകും. നഗരസഭയിലെ സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. നദികളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഈ സ്ഥലങ്ങളിൽ സേഫ്റ്റി ഗാർഡുകൾ നിർമ്മിക്കും. ഒരു കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ നഗരത്തിലും മാന്നാറിലും നഗര സൗന്ദര്യവത്കരണം നടപ്പിലാക്കും തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.
ശില്പശാലയിൽ തണൽ പ്രോഗ്രാം ഡയറക്ടർ ഷിബു കെ നായർ ക്ലാസ് നയിച്ചു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, നഗരസഭ വൈസ് ചെയർപേഴ്സൺ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ,ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെബിൻ പി വർഗീസ്, ജോജി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ ,ചെങ്ങന്നൂർ ഡി വൈ എസ് പി അനീഷ് വി കോര, തഹസിൽദാർ കെ ബി ശശി, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ റോയ്, അനിൽ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.എൻ.എ 2260/2018)
- Log in to post comments