Skip to main content

ജനങ്ങള്‍ വീടുകളിലേക്ക് മാറിത്തുടങ്ങി

 

കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാപുകളില്‍ കഴിഞ്ഞിരുന്നവര്‍ മഴ ശമിച്ചു തുടങ്ങിയതോടെ സ്വന്തം വീടുകളിലേക്കു മടങ്ങി തുടങ്ങി. അതോടൊപ്പം രണ്ടു ക്യാമ്പുകള്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയിട്ടുമുണ്ട്. വെള്ളം ഇറങ്ങി തുടങ്ങിയയതോടെ വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങി തുടങ്ങിയത്. കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂടി സേവനം പ്രയോജനപ്പെടുത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മാറ്റുന്നത്.

 നിലവില്‍ നാല് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍  260 കുടുംബങ്ങളാണ് താമസിക്കുന്നത്. 1091 പേരാണ് ക്യാമ്പുകളിലുള്ളത്. കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് നിലമ്പൂര്‍ താലൂക്കിലാണ്. എട്ട് ക്യാമ്പുകളാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്.  കൊണ്ടോട്ടി,  ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ  ക്യാമ്പുകളും  പ്രവര്‍ത്തിക്കുന്നു.  കുറുമ്പലങ്ങോട് ജി.എല്‍.പി സ്‌കൂള്‍, കുറുമ്പലങ്ങോട് നിര്‍മല എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ കൂടുതല്‍ സൗകര്യപ്രദമായ എരഞ്ഞിമങ്ങാട് യത്തീംഖാനയിലേക്ക് മാറ്റി. 273 പേരാണ് ഇവിടെയുള്ളത്. ചെലശ്ശേരിക്കുന്ന് ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), പുള്ളിപ്പാടം കരിക്കാട്ടുമണ്ണ സിദ്ധീഖിന്റെ വീട് ( 23 പേര്‍), വണ്ടൂര്‍ എലിപ്പറ്റ ഭാസ്‌കരന്റെ വീട് (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജി.എല്‍.പി.എസ് (328 പേര്‍), ചോക്കാട് ജി.എച്ച്.എസ്.സ്‌കൂള്‍ (15 പേര്‍), എന്നിവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍.
ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (90 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ എ.യു.പി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി സ്‌കൂളിലും (64 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 410 പേര്‍ പുരുഷന്‍മാരും 490 പേര്‍ സ്ത്രീകളും 191 കുട്ടികളുമാണ്.  ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പു വരുത്തിയിട്ടുണ്ട്.

 

date