Skip to main content

12.65 കോടിയുടെ പദ്ധതികള്‍, നാലര ലക്ഷം തൊഴില്‍ ദിനങ്ങള്‍; തൊഴിലുറപ്പില്‍ മികവുമായി നെടുമങ്ങാട് ബ്ലോക്ക്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 4,58,204 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 9384 കുടുംബങ്ങളിലെ 9925 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതില്‍ 9109 പേരും സ്ത്രീകളാണ്. 276 കുടുംബങ്ങള്‍ക്കു 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. 12.65 കോടി രൂപയുടെ പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ബ്ലോക്കില്‍ പൂര്‍ത്തിയാക്കിയത്.

മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നെടുമങ്ങാട് ബ്ലോക്കിലെ വിവിധ വാര്‍ഡുകളില്‍ നൂറോളം മഴക്കുഴികള്‍ ഫാം പോണ്ടുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു. കരകുളത്ത് അമ്പത് കിണര്‍ റീചാര്‍ജുകള്‍, ബണ്ടുകള്‍, കിണറുകള്‍, കക്കൂസ് എന്നിവയും നിര്‍മിച്ചു. വനിതാ സ്വയം സഹായ സംഘങ്ങളുടെ ഡെയറി ഫാം പദ്ധതിക്കായി 11 തൊഴുത്തുകള്‍ നിര്‍മിച്ചു നല്‍കി. കിള്ളിയാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ പങ്കാളിത്തമുണ്ട്. തോടുകള്‍ വൃത്തിയാക്കുന്നതിനോടൊപ്പം കയര്‍ ഭൂവസ്ത്രം വിരിച്ച് ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 

കക്കൂസ് നിര്‍മാണം, കുടിവെള്ള കിണര്‍ നിര്‍മാണം, കിണര്‍ റീചാര്‍ജ്, ഫാം പോണ്ടുകള്‍, തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍, ഫലവൃക്ഷ തൈകളുടെ ഉത്പ്പാദനം, കിള്ളിയാര്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് ഈ വര്‍ഷം മുന്‍ഗണന നല്‍കുമെന്നു നെടുമങ്ങാട് ജോയിന്റ് ബി.ഡി.ഒ (ഇ.ജി.എസ്) എസ്. ഗില്‍ബര്‍ട്ട് രാജ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും എഴുപത്തിയൊന്നായിരത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

date