Skip to main content

പോലീസ്‌ സ്റ്റേഷനുകള്‍ ജനകീയമാക്കും : മുഖ്യമന്ത്രി

പോലീസ്‌ സ്റ്റേഷനുകള്‍ സേവനകേന്ദ്രങ്ങളായി മാറണമെന്നും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം ദൃഢമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൈപ്പമംഗലം പോലീസ്‌ സ്റ്റേഷന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനപാലനം നടക്കുന്ന സംസ്ഥാനമാണ്‌ കേരളം. ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും ഒരേ പോലീസുകാര്‍ എന്ന രീതി മാറണം. ഇതിനായി പ്രത്യേകം പോലീസുകാരെ നിയമിക്കും. എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും എസ്‌ എച്ച്‌ ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ റേഞ്ചിലുള്ളവരെ നിയമിക്കും 203 സ്റ്റേഷനുകളില്‍ എസ്‌ ഐ മാരായി, സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ വിദഗ്‌ധരായ ഉദ്ദ്യോഗസ്ഥരെ എല്ലാ സ്റ്റേഷനുകളിലും നിയോഗിക്കും. പോലീസ്‌ സ്റ്റേഷനുകള്‍ ഡിജിറ്റലാക്കുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 
ഉത്തരകേരളവും മദ്ധ്യകേരളവും മഴക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്‌ഘാടനം മാറ്റിവക്കാത്തത്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ പോലീസ്‌ സ്റ്റേഷന്റെ സേവനം പ്രയോജനപ്പെടുത്താനാണെന്നും മഴക്കെടുതിയില്‍ മരണപ്പെട്ടവര്‍ക്ക്‌ ആദരാഞ്ചലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ക്രമസമാധാന ചരിത്രത്തില്‍ ആദ്യമായാണ്‌ 5 പോലീസ്‌ സ്റ്റേഷനുകള്‍ 4 തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ 2 പോലീസ്‌ സ്റ്റേഷന്‍ മന്ദിരങ്ങള്‍ എന്നിവ ഒരേസമയം വീഡിയോ കോണ്‍ഫെറന്‍സിലൂടെ ഉദ്‌ഘാടനം ചെയ്യുന്നത്‌.
ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അദ്ധ്യത വഹിച്ചു. എം പി ഇന്നസെന്റ്‌ മുഖ്യാതിഥിയായി.പ്രൊ. കെ യു അരുണന്‍ എം എല്‍ എ, ബ്ലോക്ക്‌ പ്രസിഡന്റ്‌ യു കെ ആബിദലി, ജില്ലാ പോലീസ്‌ മേധാവി എം കെ പുഷ്‌ക്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈപ്പമംഗലം പോലീസ്‌ സ്റ്റേഷനില്‍ 2 എസ്‌ ഐ, 2 എ എസ്‌ ഐ, 6 എസ്‌ സി പി ഒ, 18 സി പി ഒ, 2 ഡബ്ലിയു സി പി ഒ, 1 ഡ്രൈവര്‍, 1 സ്വീപ്പര്‍ എന്നിങ്ങനെ 32 തസ്‌തികകളാണുള്ളത്‌. 26.35 സെന്റില്‍ 2592 സ്വകയര്‍ഫീറ്റില്‍ ആധുനിക സൗകര്യങ്ങളോടെയാണ്‌ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌. 
 

date