Skip to main content

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ മേഖലയെ മാറ്റിമറിച്ചു - മന്ത്രി കെ.കെ ശൈലജ

 

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ പിന്തുടര്‍ന്നു വന്നിരുന്ന രീതികളെല്ലാം മാറ്റി ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് പുതിയ ആരോഗ്യ നയം മൂലമാണ്.

ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം മാതൃമരണനിരക്ക് ഉള്‍പ്പെടെ കുറച്ചത് ആരോഗ്യ മേഖലയില്‍ നാം മുന്നേറിയതിന്റെ തെളിവാണ്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന വിധത്തിലുള്ളതാണ് സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. ഒരു ഗ്രാമത്തിലെ എല്ലാ ജനങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കുന്ന കുടുംബ ഡോക്ടറാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലുള്ളത്. രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ആദ്യഘട്ടമായി 170 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. രോഗീ-സൗഹൃദ ആശുപത്രികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നഗരസഭയുടെ കീഴിലുള്ള അപൂര്‍വ്വം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയിലേത്. ഇവിടെ കൂടുതല്‍ സൗകര്യങ്ങളോടെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് കെയര്‍ രോഗികളെ മന്ത്രി ആദരിച്ചു.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ഇവിടെ ലഭിക്കും. പി.എച്ച്.സി നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക ലബോറട്ടറി, ഫാര്‍മസി, ഒപി, ഐ.പി തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലാബിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും എത്തിയിട്ടുണ്ട്. ഫീഡിങ് റൂം, രോഗികള്‍ക്കും കൂട്ടിരുപ്പു കാര്‍ക്കുമായി കാത്തിരുപ്പുമുറി, ദൃശ്യമാധ്യമ സംവിധാനം, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തി. ലാബ് ടെക്‌നീഷ്യ•ാര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ പുതിയതായി ഇവിടെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 14 ലക്ഷം രൂപയ്‌ക്കൊപ്പം പി.സി ജോര്‍ജ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 17 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടങ്ങള്‍ നവീകരിച്ചത്.

പി.സി ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.കെ കബീര്‍ സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ ഓഫീസര്‍       ഡോ. ജേക്കബ്ബ്  വര്‍ഗീസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍                  പി.എച്ച് ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രേംജി തുടങ്ങിയവര്‍  സംസാരിച്ചു.                                                (കെ.ഐ.ഒ.പി.ആര്‍-1720/18)

 

date