Skip to main content

കര്‍ക്കിടക ഫെസ്റ്റ് തുടങ്ങി: ലാഭം ദുരിതാശ്വാസത്തിന്

 

ഔഷധകഞ്ഞി, പത്തിലക്കറികള്‍, പായസം, പുഴുക്ക് തുടങ്ങിയ നാടന്‍ വിഭവങ്ങളുമായി ജില്ലാ പഞ്ചായത്തങ്കണത്തില്‍ കുടുംബശ്രീ യുടെ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. മള്ളൂശ്ശേരിയിലെ സൂര്യ അയല്‍ക്കൂട്ടത്തിലെയും നാട്ടകം സമത അയല്‍ക്കൂട്ടത്തിലെയും അംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ള വിഭവങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭം മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കും. അപൂര്‍വ്വ രുചി വിഭവങ്ങള്‍ ആസ്വദിച്ചിരുന്ന് കഴിക്കുന്നതിനുള്ള സൗകര്യത്തോടെ ക്രമീകരിച്ചിട്ടുള്ള  സ്റ്റാള്‍  രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കും. ഉണക്ക കപ്പയും മുതിരയും വേവിച്ചത്, ചേമ്പിന്‍ താള്‍ തോരന്‍, ചേനപിണ്ടിയും ചെറുപയറും പിണ്ടി തോരന്‍, കാച്ചിലും കൂര്‍ക്കയും കാന്താരിയും തിരുവാതിരപുഴുക്ക്, ഏത്തപ്പഴം-ഈന്തപ്പഴം, കുമ്പളങ്ങ, ഉണക്കലരി  എന്നിവയുടെ പായസം, ഞവര കഞ്ഞി, പാല്‍ കഞ്ഞി, ഉലുവാ കഞ്ഞി, ഔഷധ പിടി, ചെറുപയറും കരിപ്പെട്ടിയും ചേര്‍ത്ത കാപ്പി, ചക്ക ചേര്‍ത്ത അട എന്നിവ മഴരുചിപ്പെരുമ എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റില്‍ ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍. സുരേഷ് സംസാരിച്ചു.  അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു സി. മാത്യു, ബിനോയ് കെ. ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് എന്നിവര്‍ സന്നിഹിതരായി. ഇന്ന് (ആഗസ്റ്റ് 14) വൈകിട്ട് ഫെസ്റ്റ് സമാപിക്കും.

(കെ.ഐ.ഒ.പി.ആര്‍-1725/18)

date