ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ്
ഓണത്തോടനുബന്ധിച്ച് വ്യാജ വാറ്റ്, സ്പിരിറ്റ്/കടത്ത്, ലഹരിമരുന്ന് ഉപയോഗം, പരസ്യമായ മദ്യപാനം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ തീവ്രയത്ന എക്്സൈസ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തനം ആരംഭിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. മുഹമ്മദ് ഉബൈദ് അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവലിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തോടനുബന്ധിച്ച് ലഹരി ഉപയോഗവും തുടര്‍ന്നുണ്ടാകാനിടയുള്ള ആരോഗ്യ ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെയാണ് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ്. ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സ്പെഷ്യല്‍ ടീമുകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ജില്ലയെ നാലു ഡിവിഷനുകളായി തിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് വിവരങ്ങള്‍ കാലതാമസം കൂടാതെ റിപ്പോര്‍ട്ട് ചെയ്യുകയും റെയ്ഡും തുടര്‍ നടപടികളും അടിയന്തരമായി നടത്തുകയും ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായ പരിശോധന ശക്തിപ്പെടുത്തും. ഒരു എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്റലിജന്‍സ് വിംഗ് പ്രവര്‍ത്തിക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെയും, അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തില്‍ രണ്ട് ഷാഡോ ടീമും പ്രവര്‍ത്തിക്കും. പോലീസ്, ഭക്ഷ്യ സുരക്ഷ, റവന്യൂ, ഡ്രഗ്സ് കണ്ട്രോള് തുടങ്ങിയ വകുപ്പുകളുമായി സംയുക്ത പ്രവര്‍ത്തനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായുണ്ട്. തമിഴ്നാട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ട് വരുന്നത് തടയാന്‍ ചെക് പോസ്റ്റുകളില്‍ മുഴുവന്‍ സമയ റെയ്ഡ് ഉണ്ടാവും. തമിഴ്നാടുമായി ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പൊതുജനങ്ങള്‍ക്ക് വകുപ്പുമായി നേരിട്ട് വിവരങ്ങളും പരാതികളും കൈമാറാമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. എക്സൈസ് അസി. കമ്മിഷണര്‍ എ.ആര്. സുല്‍ഫിക്കര്‍, ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വൈ. ഷിബു, പി.എല്‍. ഷിബു, രാധാകൃഷ്ണന്, റ്റി.ആര്.എ.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലാ കണ്ട്രോള് റൂം 0471 2473149, ഡെപ്യൂട്ടി കമ്മിഷണര്‍ 9447178053, അസിസ്റ്റന്റ് കമ്മിഷണര്‍ 9496002861. ഡിവിഷണല്‍ കണ്ട്രോള് റൂം നമ്പറുകള്‍ നെടുമങ്ങാട് 0472 2802227, നയ്യാറ്റിന്‍കര 04712222380, തിരുവനന്തപുരം 04712348447, ആറ്റിങ്ങല്‍ 04702622386. എക്സൈസ് വകുപ്പിനു കീഴില്‍ ആരംഭിച്ചിട്ടുള്ള ലഹരി വിമുക്ത കേന്ദ്രവും സുസജ്ജമാണ്. രാവിലെ 10 മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ സോഷ്യോളജിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാണ്. ഫോണ്‍: 9400022100, 940003310
(പി.ആര്.പി. 2085/2018)
- Log in to post comments