ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
ഓണവിപണി ലക്ഷ്യമിട്ടുകൊണ്ട് പുഷ്പ കൃഷി പദ്ധതിയുമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. സുഫലം എന്ന പേരിലാണ് പുഷ്പ കൃഷി പദ്ധതി നടപ്പിലാക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയാണ് പുഷ്പകൃഷിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 1.16 ലക്ഷം ചെണ്ടുമല്ലി തൈകൾ കർഷകർക്ക് വിതരണം ചെയ്യും. കൃഷി വകുപ്പുമായി ചേർന്ന് കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ കർഷകർക്ക് 75 ശതമാനം സബ്‌സിഡി നിരക്കിലാണ് തൈകൾ നൽകുക. അശമന്നൂർ കൃഷിഭവന് സമീപത്തെ തരിശായി കിടന്ന 50 സെന്റ് സ്ഥലത്ത് തൈകൾ നട്ടുകൊണ്ടായിരുന്നു പദ്ധതിയുടെ ആരംഭം. അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരത്തോടെ പഞ്ചായത്തിലെ വിവിധ കൃഷിക്കൂട്ടങ്ങളാണ് ഇവിടെ ചെണ്ടുമല്ലി കൃഷി നടത്തുന്നത്.
ഓണക്കാലത്തുണ്ടാകുന്ന പൂക്കളുടെ കൃത്രിമ ക്ഷാമം പരിഹരിക്കുക, അമിത വിലക്കയറ്റം തടയുക എന്നീ ലക്ഷ്യത്തിലൂന്നിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതെന്ന്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേസിൽ പോൾ പറഞ്ഞു.
- Log in to post comments