ദുരിതാശ്വാസ നിധിയിലേയ്ക്ക് കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ അരക്കോടി രൂപ കൈമാറി
സംസ്ഥാനം മഴക്കെടുതിയില്‍ വലയുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ജനകീയ പ്രസ്ഥാനമായ കുടുംബശ്രീ കൈത്താങ്ങുമായി രംഗത്ത്. ദുരിതബാധിതരെ സഹായിക്കുന്നതിനായി കുടുംബശ്രീയിലെ ഓരോ അംഗവും അവരുടെ ഒരാഴ്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തു.
കുടുംബശ്രീ ജില്ലാമിഷന്‍ 83 സി.ഡി.എസുകളിലെ 2800 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഒന്നാം ഘട്ടമായി സ്വരൂപിച്ച തുകയും കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, മറ്റ് സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍ എന്നിവരില്‍ നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് അര കോടി രൂപ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ. മധുവിന് കൈമാറി.
ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു കോടി രൂപ തിരുവനന്തപുരം കുടുംബശ്രീ നല്‍കുമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു അറിയിച്ചു. കൂടാതെ മൂന്നു ലക്ഷം രൂപയിലധികം വില വരുന്ന അവശ്യ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച തുകയുടെ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടം തിരിച്ചുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സി.ഡി.എസ്. ഓഫീസുകളില്‍ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
(പി.ആര്‍.പി. 2177/2018)
- Log in to post comments