Skip to main content

പേവിഷബാധ-പ്രതിരോധം ഊര്‍ജിതമാക്കണം

പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിനു കെ എസ് അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകര്‍. എന്നാല്‍ പൂച്ച, കുറുക്കന്‍, അണ്ണാന്‍, കുതിര, വവ്വാല്‍ തുടങ്ങിയവയും രോഗവാഹകരില്‍ പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍, നക്കല്‍ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാ നാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു.

 

രോഗലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍, അതിനു ശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടും ഉള്ള ഭയം പ്രത്യക്ഷമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ സാധാരണ ഗതിയില്‍ 2-3 മാസം വരെ എടുക്കും. എന്നാല്‍ ചിലര്‍ക്ക് നാല് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകാം ചിലപ്പോള്‍ ഇത് 6 വര്‍ഷം വരെ എടുത്തേക്കാം.

 

പ്രഥമ ശുശ്രൂഷ പ്രധാനം

പച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിട്ട് നന്നായി കഴുകുക. പൈപ്പില്‍ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു. ബീറ്റാഡിന്‍ ലോഷന്‍/ഓയിന്‍മെന്റ് ലഭ്യമാണെങ്കില്‍ മുറിവ് കഴുകിയ ശേഷം പുരട്ടാവുന്നതാണ്. മുറിവ് കെട്ടിവയ്ക്കരുത്.

 

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗവാഹകരായ വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ആറ് മാസം പ്രായമായാല്‍ ആദ്യ കുത്തിവയ്പ്പ് എടുക്കാം പിന്നീട് ഓരോ വര്‍ഷ ഇടവേളയില്‍ പ്രതിരോധകുത്തിവയ്പ്പ് എടുക്കണം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാല്‍ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ കുത്തിവയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (ഐ ഡി ആര്‍ വി) നല്‍കുന്നത്. 0, 3, 7 & 28 ദിവസങ്ങളിലാണ് കുത്തിവയ്പ്പുകള്‍ എടുക്കേണ്ടത്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്പ്പും നല്‍കാറുണ്ട്. യഥാസമയം കുത്തിവയ്പ്പ് എടുത്താല്‍ പേവിഷ ബാധ മൂലമുള്ള മരണം തടയാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണം.

 

പൂര്‍ണമായ വാക്സിന്‍ ഷെഡ്യൂള്‍ എടുത്ത ആളുകള്‍ക്ക് വാക്സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി മൂന്ന് മാസത്തിനുളളിലാണ് സമ്പര്‍ക്കം ഉണ്ടാകുന്നതെങ്കില്‍ വാക്സിന്‍ വീണ്ടും എടുക്കേണ്ടതില്ല. മൂന്ന് മാസം കഴിഞ്ഞാണ് എങ്കില്‍ രണ്ട് ഡോസ് (Do & D3) വാക്സിന്‍ എടുക്കണം. പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും, വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. ആദ്യ പ്രതിരോധ കുത്തിവയ്പ്പിന് ശേഷം ഏഴാം ദിവസവും ഇരുപത്തിയൊന്നാം/ഇരുപത്തിയെട്ടാം ദിവസവും കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. ആകെ മൂന്ന് ഡോസുകള്‍

 

പേവിഷബാധ പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങള്‍

 

കാറ്റഗറി 1- മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവയ്ക്ക് കുത്തിവയ്പ്പ് നല്‍കേണ്ടതില്ല സോപ്പും ധാരാളം വെള്ളവുമുപയോഗിച്ച് കഴുകുക.

 

കാറ്റഗറി 2- തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍. പ്രതിരോധകുത്തിവയ്പ്പ് എടുക്കണം. കഉഞഢ മാത്രം

 

കാറ്റഗറി 3 - രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്തെ നക്കല്‍, ചുണ്ടിലോ വായിലോ നക്കല്‍, വന്യമൃഗങ്ങളുടെ കടി. ഇവയ്ക്ക് ഐഡി ആര്‍ വി യും റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിനും എടുക്കണം.

 

എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ ഭയപ്പെടുത്തുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടയ്ക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

date