നവകേരളത്തിനായി കോഴിക്കോട് കൈകോര്‍ക്കുന്നു
പ്രളയത്തില്‍ നിന്ന് മോചിതമായ കേരളം പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണത്തിന് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സിറ്റിംഗില്‍ നൂറുകണക്കിനാളുകള്‍ സംഭാവനകളുമായെത്തി. കുഷ്ഠരോഗികള്‍ സ്വരൂപിച്ച തുക, വീട്ടു ജോലി ചെയ്ത് കിട്ടിയ പണവും എല്‍.ഡി.സി റാങ്ക് ജേതാക്കള്‍ സ്വരൂപിച്ച തുകയും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ജില്ലാ പഞ്ചായത്ത് തന്നത് ഫണ്ടില്‍ നിന്ന് ജില്ലാ കലക്ടറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കോടി രൂപയുടെ വീതം ചെക്ക് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയാണ് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കക്കോടി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ തനത് ഫണ്ട് ഉള്‍പ്പെടെ ആറ് ലക്ഷം രൂപയും കൈമാറി. എ പ്രദീപ്കുമാര്‍ എം.എല്‍.എയ്ക്ക് വിവിധ സംഘടനങ്ങളില്‍ നിന്ന് ലഭിച്ച തുകകളുടെ ചെക്കുകള്‍ മന്ത്രിക്ക് കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു. വി ജോസ്, എ.ഡി.എം ടി ജനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട് തുടങ്ങിയവര്‍ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി.
- Log in to post comments