Skip to main content

പ്രളയം: നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാന്‍  സംയുക്ത പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

    സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ നഷ്ടപ്പെട്ട സസ്യസമ്പത്ത് വീണ്ടെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെയും സംയുക്ത പദ്ധതിവരുന്നു. ഔഷധ സസ്യങ്ങള്‍, പൂമ്പാറ്റകള്‍ ഉള്‍പ്പെടെയുള്ള ചെറുജീവികളുടെ ആവാസ വ്യവസ്ഥയായ സസ്യങ്ങള്‍, നശിച്ചു പോയ മറ്റ് അപൂര്‍വ്വ സസ്യങ്ങള്‍ എന്നിവ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക്. പ്രളയത്തെ തുടര്‍ന്ന് വിവിധ മേഖലകളില്‍ സസ്യസമ്പത്ത് വന്‍തോതില്‍ നശിച്ചിട്ടുണ്ട്. ഇത് നമ്മുടെ ആവാസ് വ്യവസ്ഥക്ക് വലിയ വെല്ലുവിളിയാവുമെന്നാണ് വിദഗ്ധ അഭിപ്രായം.
    പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് ധാരണയായത്. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിലൂടെയാണ് സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുക. പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും തൈകളും വിത്തും വിതരണം ചെയ്യുക.
    ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളില്‍ കൊട്ടിയൂര്‍, അയ്യന്‍കുന്ന് എന്നിവിടങ്ങളിലെ പോലെ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന റോഡുകള്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തും. ബാക്കിയുള്ള എല്ലാ റോഡുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് കേന്ദ്രഫണ്ട് ലഭിക്കുന്നത് വരെ കാത്തിരിക്കും. ആറു മീറ്റര്‍ വീതിയുള്ള റോഡുകള്‍ക്കാണ് കേന്ദ്രസഹായം ലഭിക്കുക. കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ മാത്രം ഇവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നേരെയാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. 
    ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണപ്പൂ കൃഷി വന്‍ വിജയമായി. പൂക്കള മത്സരങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും പൂക്കള്‍ വിറ്റുപോയി. ഇപ്പോഴും ജില്ലാ പഞ്ചായത്തിന്റെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. നിലവില്‍ വില്‍ക്കാന്‍ പാകത്തില്‍ ഒരു ടണ്ണിലേറെ പൂക്കള്‍ ഉണ്ട്. പൂകൃഷി സംബന്ധിച്ച സമഗ്രമായ കണക്ക് അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. 
    ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കാരായി രാജന്‍, ആര്‍ അജിത, പി പി ഷാജിര്‍, കെ നാണു, മാര്‍ഗരറ്റ് ജോസ്, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, അന്‍സാരി തില്ലങ്കേരി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 

date