Skip to main content

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ  'സാഗര' മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം

    'ഓഖി' ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ 'സാഗര'യ്ക്ക് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ മികച്ച പ്രതികരണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷാ മുന്നറിയിപ്പ് നല്‍കല്‍, അപകട സാധ്യത ഒഴിവാക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായാണ് 'സാഗര' രൂപകല്‍പ്പന ചെയ്തത്. 
    മത്സ്യബന്ധനത്തിനായി കടലില്‍ പോകുമ്പോഴും തിരികെ വരുമ്പോഴുമുള്ള മത്സ്യത്തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'സാഗര' മൊബൈല്‍ ആപ്പ് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനായി നാല് ഫെസിലിറ്റേറ്റര്‍മാരുടെ സേവനം ജില്ലയില്‍ ലഭ്യമാണ്. ഹാര്‍ബറുകളും, ഫിഷ്‌ലാന്റിംഗ് സെന്ററുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മത്സ്യത്തൊഴിലാളികളുടെ  അടുത്തെത്തി അതാത് ദിവസം മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ ഹാജര്‍ ഇവര്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. 
    മൊബൈല്‍ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 15 ന് രാവിലെ 10 മണിക്ക് അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ നിര്‍വ്വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കുന്ന സേവനങ്ങളെ പറ്റി ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യഫെഡ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

date