Skip to main content
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സംഭാവന സ്വീകരിക്കുന്നു.

ധനസമാഹരണ യജ്ഞം: വെള്ളരിക്കുണ്ടില്‍  നിന്ന് ലഭിച്ചത് 33.42 ലക്ഷം രൂപ

പ്രളയം നാശംവിതച്ച കേരളത്തെ പുന:സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്താകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്നു ലഭിച്ചത് 33,42,723 രൂപ. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നേതൃത്തില്‍ നടന്ന ധനസമാഹരണത്തില്‍ 500 രൂപ മുതല്‍ അഞ്ചര ലക്ഷം രൂപ ലഭിച്ചു. 
ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിനു വേണ്ടി കെ.കെ നാരായണന്‍ 25,000 രൂപ മന്ത്രിക്കു കൈമാറിയതോടെയാണു ജില്ലയിലെ ധനസമാഹരണ യജ്ഞത്തിനു തുടക്കമായത്.നാരായണന്റെ കുടുംബ ക്ഷേത്രമാണിത്. നീലേശ്വരത്ത് ഗ്യാസ് ഏജന്‍സി നടത്തുന്ന നാരായണന്‍ നേരത്തെ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരുലക്ഷം രൂപ നല്‍കിയിരുന്നു. രണ്ടാമതായി സിഎന്‍ സ്‌റ്റോണ്‍ ക്രഷര്‍ മാനേജിംഗ് പാര്‍ട്ട്‌നര്‍ സി.നാരായണന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തുടര്‍ന്ന് ആയിരവും പതിനായിരവും ഒരുലക്ഷവും രണ്ടുലക്ഷവും അഞ്ചുലക്ഷവുമായി സംഭാവനകള്‍ പ്രവഹിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വെള്ളരിക്കുണ്ട് താലൂക്കിലെ സുമനസുകള്‍ നവകേരള സൃഷ്ടിക്കായി 33,42,723 രൂപ എന്ന വലിയ തുകയിലെത്തിക്കുകയായിരുന്നു. 
വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലെ പഞ്ചായത്തുകളായ പനത്തടി 3,45,111 രൂപ ചെക്കായും അമ്പതിനായിരം ഡിഡിയായും മന്ത്രിക്ക് കൈമാറി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപ വീതവും  ഈസ്റ്റ് എളേരി 5,56,610 രൂപയുടേയും ചെക്ക് മന്ത്രിക്ക് കൈമാറി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപയും കൈമാറി. വ്യക്തികള്‍ 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണു ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്താണ്. 5,56,610 രൂപയാണ് ഗ്രാമപഞ്ചായത്ത് സ്വരൂപിപ്പ് നല്‍കിയത്. 
ചെക്കായി  28,56,723 രൂപയും ഡിഡിയായി 4,86,000 രൂപയും ഉള്‍പ്പെടെ താലൂക്കില്‍ നിന്ന് മൊത്തം ലഭിച്ചത് 33,42,723 രൂപ. 
ദുരിതാശ്വാസനിധിയിലേക്ക് പണമായി സംഭാവന എത്തിക്കുന്നത് ഡിഡിയായും നെഫ്റ്റായും മാറ്റുന്നതിന് സംവിധാനമൊരുക്കിയിരുന്നു. സിന്‍ഡിക്കേറ്റ്, ഗ്രാമീണ്‍ ബാങ്കുകളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിരുന്നത്. ധനസമാഹരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരവധിയാളുകള്‍ എത്തിയിരുന്നു.

 

date